പോലീസ് അതിക്രമങ്ങള്‍ കൊണ്ട് മേയറെ രക്ഷിക്കാനാവില്ല: കെ. സുരേന്ദ്രന്‍
NewsKeralaPolitics

പോലീസ് അതിക്രമങ്ങള്‍ കൊണ്ട് മേയറെ രക്ഷിക്കാനാവില്ല: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വജനപക്ഷപാതിത്വവും അഴിമതിയും നടത്തിയ തിരുവനന്തപുരം മേയറെ പോലീസ് അതിക്രമങ്ങള്‍ കൊണ്ട് രക്ഷിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മര്‍ദ്ദനമുറകള്‍ കൊണ്ട് അഴിമതി മൂടിവെക്കാനാവില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും യുവമോര്‍ച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മേയര്‍ രാജിവെക്കും വരെ ബിജെപി സമരം തുടരും.

കത്തയച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് മേയര്‍ പോയത്. പന്ത് പിണറായി വിജയന്റെ കോര്‍ട്ടിലാണ്. മേയറോട് രാജിവെക്കാന്‍ അദ്ദേഹം ഉപദേശിക്കണം. സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. അഴിമതിയുടെ രാജാവാണ് പിണറായി വിജയന്‍. അതുകൊണ്ടാണ് ചെറുപ്പക്കാരിയായ മേയര്‍ പോലും അഴിമതിക്കാരിയാവുന്നത്.

കള്ളക്കടത്തും സ്വര്‍ണ്ണക്കടത്തും നടത്തുന്ന മുഖ്യമന്ത്രി ഇന്ത്യയില്‍ വേറെയെവിടെയുമില്ല. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് വരെ അടിച്ചുമാറ്റിയ കോര്‍പ്പറേഷന്‍ രാജ്യത്ത് എവിടെയുമില്ല. തെരുവ് പട്ടികളെ വന്ധീകരിക്കുന്നതിന്റെ പേരിലുള്ള ഫണ്ട് പോലും അടിച്ചുമാറ്റിയ മേയറാണ് തിരുവനന്തപുരത്തുള്ളത്. എല്ലാ പദ്ധതിയിലും കൊള്ളയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ആയിരക്കണക്കിന് പുറംവാതില്‍ നിയമനങ്ങളാണ് തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ നഗരസഭകളിലും നടക്കുന്നത്. ഇതിനെതിരെ സംസ്ഥാനം മുഴുവന്‍ ബിജെപി സമരം വ്യാപിപ്പിക്കുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിടുന്നത്. ഇത്രയും നിന്ദ്യമായ രീതിയില്‍ ഇതുവരെ ഒരു സമരത്തിന് നേരെയും പൊലീസ് നടപടിയുണ്ടായിട്ടില്ല. സമാധാനപരമായി യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ ഉഗ്രശക്തിയുള്ള ഗ്രനേഡുകളാണ് പൊലീസ് പ്രയോഗിച്ചത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വരെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയ കണ്ണീര്‍വാതക പ്രയോഗമാണ് നടന്നത്. പൊലീസ് അതിക്രമത്തിന് മുമ്പില്‍ ബിജെപി മുട്ടുമടക്കില്ല. വരും ദിവസങ്ങളില്‍ ബിജെപി സമരം കൂടുതല്‍ ശക്തമാക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സിആര്‍ പ്രഫുല്‍കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ സി.ശിവന്‍കുട്ടി, പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബിഎല്‍ അജേഷ്, ജില്ലാ അദ്ധ്യക്ഷന്‍ ആര്‍ സജിത്ത് എന്നിവര്‍ സംസാരിച്ചു.

Related Articles

Post Your Comments

Back to top button