മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ച കേസ്: വനിത അഭിഭാഷകയ്ക്ക് വധഭീഷണി
NewsKeralaPolitics

മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ച കേസ്: വനിത അഭിഭാഷകയ്ക്ക് വധഭീഷണി

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ച കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമാകുന്നു. സുരക്ഷ ജീവനക്കാരന്റെ അഭിഭാഷക ബബില ഉമ്മര്‍ തനിക്ക് വധഭീഷണിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതി കോഴിക്കോട് ജെസിഎം കോടതി ഇന്ന് പരിഗണിക്കും.

കോടതി മുറിയില്‍ വച്ച് പോലും തന്നെ വധിക്കുമെന്ന് പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ബബില ഉമ്മര്‍ പരാതി നല്‍കിയിരിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ സുരക്ഷ ജീവനക്കാരന് മേലും സമ്മര്‍ദമുണ്ടായെന്ന് അദ്ദേഹം തന്നെ പറയുന്നു. നേരിട്ട് വിളിക്കാതെ ആശുപത്രി അധികൃതര്‍ മുഖേന കേസ് ഒത്തുതീര്‍ക്കാനാണ് പാര്‍ട്ടിക്കാര്‍ ശ്രമിച്ചത്.

കഴിഞ്ഞവര്‍ഷവും സിപിഎമ്മുകാര്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥനെ ഉപദ്രവിച്ചിരുന്നു. ആ കേസ് ഒത്തുതീര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ താന്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ക്രൂരമര്‍ദനമേറ്റ നരിക്കുനി പുന്നശേരി കടയാട്ട് ദിനേശന്‍ പറഞ്ഞു. ഈ കേസില്‍ പോലീസ് പാര്‍ട്ടിയുമായി ഒത്തുകളിക്കുകയാണെന്ന ആരോപണം തുടക്കം മുതല്‍ ശക്തമാണ്.

കേസില്‍ ആദ്യം മുതല്‍ തന്നെ പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് പിടികൂടാന്‍ പോലീസ് തയാറായില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി പ്രതികള്‍ കോടതിയിലെത്തി. എന്നാല്‍ ജാമ്യം നല്‍കാന്‍ കോടതി തയാറാവാതിരുന്നതോടെ പ്രതികള്‍ സെപ്റ്റംബര്‍ ആറിന് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇനിയും രണ്ട് പ്രതികളെ പിടികൂടാനുണ്ട്.

Related Articles

Post Your Comments

Back to top button