അഭയക്കെതിരെ മോശം പരാമർശം, മാപ്പപേക്ഷയുമായി ധ്യാനഗുരു ഫാ മാത്യു നായ്ക്കാംപറമ്പിൽ.

കൊച്ചി / തനിക്ക് വന്ന വാട്ട്സ് ആപ്പ് സന്ദേശത്തിന്റെ കാരണം പറഞ്ഞു, കൊല്ലപ്പെട്ട സിസ്റ്റർ അഭയയെ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ മാപ്പപേക്ഷയുമായി ധ്യാനഗുരു ഫാ മാത്യു നായ്ക്കാംപറമ്പിൽ. വാട്സാപ്പ് സന്ദേശം വേണ്ടത്ര മനസിലാക്കാതെയാണ് താൻ അങ്ങനെ പ്രസ്താവന നടത്തിയതെന്നും സിസ്റ്റർ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും മാപ്പപേക്ഷിക്കുകയാണെന്നും ധ്യാനഗുരു ഫാ മാത്യു നായ്ക്കാംപറമ്പിൽ പറഞ്ഞിരിക്കുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് സിസ്റ്റർ അഭയയെ സംബന്ധിച്ച വാട്സാപ്പ് ശബ്ദസന്ദേശത്തെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങൾ വേണ്ടത്ര മനസിലാക്കാതെ ആരാധനയ്ക്കിടയിൽ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ പലർക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായെന്ന് മനസിലാക്കുന്നതായും, അതേക്കുറിച്ച് ഖേദിക്കുന്നതായും, എന്റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകൾക്ക് സിസ്റ്റർ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമചോദിച്ചു കൊണ്ട് പറഞ്ഞ കാര്യങ്ങൾ പിൻവലിക്കുകയാണെന്നും ” ഫാ മാത്യു നായ്ക്കാംപറമ്പിൽ പറയുന്നു.
സിസ്റ്റർ അഭയക്കെതിരെ മാത്യു നായ്ക്കാംപറമ്പിലിൽ നടത്തിയ വ്യക്തിഹത്യ നടപടികളിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകളുടെ സംഘമായ ‘അഭയയ്ക്കൊപ്പം ഞാനും’ എന്ന കൂട്ടായ്മ രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീകളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന സി ടീന സിഎംസി ഫാ മാത്യു നായ്ക്കാംപറമ്പിലിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കുറ്റവാളികളെ രക്ഷിച്ചേ മതിയാകൂ എന്ന അഭിനിവേശവുമായി ഫാ മാത്യു നായ്ക്കാംപറമ്പിൽ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് ഫാ മാത്യു നായ്ക്കാംപറമ്പിലിന്റെ പ്രസ്താവനയിലൂടെ മനസിലാക്കാൻ ആവുന്നതെന്നും, അഭയയുടെ ആത്മാവ് വന്നുപറഞ്ഞു എന്നൊക്കെ പറയുന്നത് ജയിലിൽ കഴിയുന്ന കോട്ടൂരിനെയും സെഫിയേയും രക്ഷിക്കാനുള്ള കുതന്ത്രമാണെന്നും, സി ടീന സിഎംസി കുറ്റപ്പെടുത്തിയിട്ടുണ്ട്. സഭ അവലംബിക്കുന്ന രീതി കാണുമ്പോൾ ലജ്ജ തോന്നുകയാണെന്നും സി ടീന പറഞ്ഞിട്ടുണ്ട്.