നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലം ക്രൈംബ്രാഞ്ചിന്; മൂന്നുവട്ടം ഹാഷ് വാല്യൂ മാറിയെന്ന് റിപ്പോര്‍ട്ട്
NewsKerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലം ക്രൈംബ്രാഞ്ചിന്; മൂന്നുവട്ടം ഹാഷ് വാല്യൂ മാറിയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. മൂന്നുതവണ കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. ഇന്നലെ രാത്രിയാണ് തിരുവന്തപുരം ഫോറന്‍സിക് ലാബില്‍നിന്നുള്ള പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇത് മുദ്രാവച്ച കവറില്‍ കോടതിക്ക് കൈമാറിയെന്നാണ് വിവരം. മൂന്നുവട്ടം ഹാഷ് വാല്യൂ മാറിയെന്ന് പരിശോധനാഫലത്തില്‍ പറയുമ്പോള്‍ മൂന്നുപ്രാവശ്യം കാര്‍ഡ് സിസ്റ്ററ്റത്തില്‍ പരിശോധിച്ചിട്ടുണ്ടെന്നാണ് അര്‍ഥമാക്കുന്നത്.

ഹാഷ് വാല്യൂ മാറിയ തീയതിയടക്കം റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയുടെയും വിചാരണക്കോടതിയുടെയും എറണാകുളം ജില്ലാ കോടതിയുടെയും കൈവശമിരിക്കുമ്പോള്‍ മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതെന്നാണ് ക്രൈംബ്രാഞ്ച് മനസിലാക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പള്‍സര്‍ സുനിയില്‍നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലായിരുന്നു സമര്‍പ്പിച്ചത്.

പിന്നീട് വിചാരണ നടപടികള്‍ക്കായി ജില്ലാ കോടതിയിലെത്തി. ഇവിടെനിന്ന് വിചാരണക്കോടതിയില്‍ മെമ്മറി കാര്‍ഡ് എത്തി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയുടെ കൈവശമുള്ളപ്പോഴായിരുന്നു പ്രതിഭാഗത്തിന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി ലഭിച്ചത്. വിചാരണക്കോടതിയില്‍ വിസ്താരത്തിനിടെയും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. മറ്റന്നാളാണ് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാനുള്ള അവസാന തീയതി. കൂടുതല്‍ സമയം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ അന്വേഷണ ഏജന്‍സി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

Related Articles

Post Your Comments

Back to top button