HealthKerala NewsLatest NewsNews

കാരുണ്യ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ കാരുണ്യമില്ലാത്ത നടപടിക്രമങ്ങള്‍

കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാരുണ്യമില്ലാത്ത നടപടിക്രമങ്ങളുമായി സര്‍ക്കാര്‍. ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കായി പുതിയ നിബന്ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണം. ഇന്‍ഷുറന്‍സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് തടയാനാണ് പുതിയ പരിഷ്‌കാരമെന്നാണ് അധികൃതര്‍ പറയുന്നത്.

ഈ നിബന്ധനയെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞിരിക്കുകയാണ്. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും വീല്‍ ചെയറിലുമായി ആശുപത്രി കൗണ്ടറില്‍ കൊണ്ടുവരേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാര്‍. നേരത്തെ രോഗിക്കൊപ്പമുള്ള ബന്ധുക്കള്‍ കൗണ്ടറിലെത്തി ഹെല്‍ത്ത് കാര്‍ഡ് പതിപ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ വ്യാജപേരിലും മറ്റും തട്ടിപ്പ് കണ്ടെത്തിതോടെയാണ് ആധാര്‍ കാര്‍ഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവന്നത്.

നേരത്തേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം ആനുകൂല്യത്തിനായി രോഗി ഹെല്‍ത്ത് കാര്‍ഡ് പതിപ്പിച്ചാല്‍ മതിയായിരുന്നു. തീരെ അവശനിലയിലുള്ള രോഗികള്‍ ആശുപതി സൂപ്രണ്ടിന്റെ സത്യവാങ്മൂലം എഴുതി വാങ്ങിയാല്‍ മതിയെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജ് പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഇതിന്റെ പ്രായോഗികതയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. കൗണ്ടറില്‍ നിന്നും ഏറെ അകലെയുള്ള വാര്‍ഡുകളില്‍ നിന്ന് രോഗികളെ കൊണ്ടുവന്ന് കൗണ്ടറില്‍ ക്യൂ നില്‍ക്കുന്നത് എങ്ങനെ പ്രായോഗികമാകും എന്ന ചോദ്യത്തിന് ആരും മറുപടി നല്‍കുന്നുമില്ല.

Related Articles

Back to top button