
ദോഹ: ലോകകപ്പിലെ പുതുമുഖങ്ങളായ സൗദിയില്‍ നിന്നേറ്റ തോല്‍വിയോടെ ജീവശ്വാസം നിലച്ചമട്ടിലായിരുന്നു അര്‍ജന്റീന. മറഡോണയ്ക്ക് ശേഷം അര്‍ജന്റീനയും ഫുട്ബോള്‍ ലോകവും നെഞ്ചിലേറ്റിയ ലയണല്‍ മെസി എന്ന ഫുട്ബോള്‍ ജീനിയസിലായിരുന്നു ഏവരുടെയും പ്രതീക്ഷ. മെക്സിക്കന്‍ പ്രതിരോധക്കോട്ട പൊളിച്ചില്ലെങ്കില്‍ അര്‍ജന്റീനയ്ക്ക് മടക്ക ടിക്കറ്റ് ഉറപ്പായിരുന്നു.
ടീമിന്റെ നിലനില്പ് മെസിയുടെ കാല്കളില് എന്ന കാര്യം അരക്കിട്ടുറപ്പിച്ചിരുന്നു. സൗദിയുടെ മുന്നില്‍ മുട്ടുമടക്കിയ അതേ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ കരുത്തരായ മെക്സിക്കോയെ മറികടക്കാന്‍ അര്‍ജന്റീന നന്നേ വിയര്‍ത്തു. ആദ്യപകുതിയല്‍ അര്ജീന്റയുടെ ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവ് അവര്‍ക്ക് തുണയായി. ആദ്യപകുതി ഗോള്‍രഹിത സമനിലയായതോടെ രണ്ടാം പകുതിയില്‍ കളി കൂടുതല്‍ മികവായി. ഇരുടീമും ഒപ്പത്തിനൊപ്പം ആക്രമിച്ച് കളിച്ചു.
എന്നാല്‍ 64ാം മിനുട്ടില്‍ മെക്സിക്കന്‍ പ്രതിരോധത്തെ വകഞ്ഞുമാറ്റി മെസി തന്റെ ട്രേഡ്മാര്‍ക്ക് ഗോളടിച്ചു. എയ്ഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍ നിന്നാണ് ഖത്തര്‍ ലോകകപ്പില്‍ മെസിയുടെ രണ്ടാം ഗോള്‍ പിറന്നത്. ഡി മരിയ നല്കിയ പാസില്‍ 25 വാര അകലെനിന്ന് മെക്സിക്കോയുടെ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മെസിയെടുത്ത ഷോട്ട് നേരെ വലയിലെത്തുകയായിരുന്നു. അതുവരെ ലൂസെയ്ല്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിരാശരായിരുന്ന അര്‍ജന്റീന ആരാധകര്‍ പൊട്ടിത്തെറിച്ച നിമിഷം. സ്റ്റേഡിയം നീലക്കടലില്‍ ആറാടി.
മെക്സിക്കന്‍ ഗോളി ഒച്ചാവോയെ ഞെട്ടിച്ച നിമിഷം. ഇതുവരെ ലോകകപ്പില്‍ മെക്സിക്കോയോട് പരാജയപ്പെടാത്ത അര്‍ജന്റീനയുടെ റിക്കോര്‍ഡ് മെസിയിലൂടെ തുടര്‍ന്നു. ലോകകപ്പിലെ എട്ടാം ഗോള്‍ നേടിയ മെസിയുടെ ഗോളോടെ മെക്സിക്കോ വീണ്ടും ഉണര്‍ന്നു. തങ്ങളുടെ ആക്രമണം കടുപ്പിച്ച മെക്സിക്കോ പക്ഷേ ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടു. ഇതിനിടെ 87ാം മിനുട്ടില്‍ അര്‍ജന്റീനയുടെ 21 വയസുകാരന് എന്‍സോ ഫെര്‍ണാണ്ടസും ഒച്ചാവോയെ പരാജയപ്പെടുത്തി.
സൗദി അര്‍ജന്റീനയ്ക്കെതിരെ നേടിയ രണ്ടാം ഗോളിന്റെ തനി പകര്‍പ്പ്. മെസിയില്‍ നിന്ന് പാസ് ലഭിച്ച ഫെര്‍ണാണ്ടസ് മെക്സിക്കോ ബോക്സിന് വെളിയില്‍ ഏതാനും ചുവടുകള്‍ മുന്നോട്ട് നീങ്ങിയ ശേഷം മനോഹരമായി ഷോട്ട് എടുക്കുന്നു. ബോക്സിന്റെ ഇടത് മൂലയില്‍നിന്ന് എന്‍സോയുടെ തകര്‍പ്പനൊരു വോളി ഗോളി ഒച്ചോവയുടെ പറക്കുന്ന കൈകളെ മറികടന്ന ബോള്‍ വലയില്‍ വിശ്രമിച്ചു. ഇതോടെ രണ്ട് കളിയില്‍ നിന്നും മൂന്ന് പോയിന്റ് നേടി അര്‍ജന്റീന ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനമുറപ്പിച്ചു. ഒപ്പം പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു.
Post Your Comments