മൂന്നാര്‍: നിലം പൊത്തിയ സംരക്ഷണ ഭിത്തിക്കായി വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. 15 ലക്ഷം രൂപ മുടക്കി ഇക്കാനഗറില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തി നിര്‍മാണ പിഴവുമൂലം രണ്ടു മാസം കൊണ്ടാണ് നിലംപൊത്തിയത്. ഇതിനാണ് സര്‍ക്കാര്‍ വീണ്ടും 25 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലേക്ക് പോകുന്ന ഭാഗത്തുള്ള സംരക്ഷണ ഭിത്തിയാണ് 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്നത്. തുടര്‍ന്ന് പൊതുമാരമത്ത് വകുപ്പ് 15 ലക്ഷം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി.
വീണ്ടും മഴക്കാലം എത്തിയതോടെ നിര്‍മാണത്തിലെ അപാകതമൂലം ഭിത്തി ഇടിയുകയായിരുന്നു. നിര്‍മാണത്തിലെ അപകാത സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വകുപ്പിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് വീണ്ടും 25 ലക്ഷം രൂപ മുടക്കി നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും സാധരണക്കാരും താമസിക്കുന്ന മേഖലയിലെ റോഡിന്റെ ഒരു ഭാഗം കുത്തിത്തുരന്നാണ് കരാറുകാരന് നിര്‍മാണം നടത്തുന്നത്. ഇതുമൂലം സമീപവാസികള്‍ക്ക് മേഖലയിലേക്ക് എത്തിപ്പെടാന്‍ തടസം നേരിടുകയാണ്. തോന്നിയപോലെ നിര്‍മാണം നടത്തുന്ന കരാറുകാരനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുകയാണ്.
Post Your Comments