
ഇരിങ്ങാലക്കുട: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന ചെറുപ്പക്കാരന് കയ്യില്‍ കിടന്ന സ്വര്‍ണവള ഊരി നല്കി മന്ത്രി ആര് ബിന്ദു. കരുവന്നൂര്‍ മൂര്‍ക്കനാട്ട് വന്നേരിപ്പറമ്പില്‍ വിവേകിന്റെ(27) ചികിത്സാസഹായ സമിതിയുടെ ധനസമാഹരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. തുടര്‍ന്ന് യുവാവിന്റെ നിസ്സഹായത കേട്ടതോടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ വള നല്‍കുകയായിരുന്നു.
മൂര്‍ക്കനാട് ഗ്രാമീണ വായനശാലയിലായിരുന്നു ധനസമാഹരണ യോഗത്തിന് മന്ത്രിയെത്തിയത്. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ജീവന് രക്ഷിക്കാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്ന വിവേകിന്റെ ദുരവസ്ഥ കേട്ട് വേദിയിലിരുന്ന മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. തുടര്‍ന്നാണ് സമിതിയംഗങ്ങളുടെ കൈകളിലേക്ക് വള നല്‍കിയത്. സമിതി ഭാരവാഹികളായ പി കെ മനുമോഹന്‍, നസീമ കുഞ്ഞുമോന്, സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് വള ഏറ്റുവാങ്ങിയത്.
മന്ത്രി വള നല്‍കിയത്് പലരെയും അമ്പരപ്പിച്ചു. എന്നാല്‍ ആരുടെയും നന്ദിവാക്കിനോ, അഭിനന്ദനത്തിനോ നില്‍ക്കാതെ മന്ത്രി അവിടെ നിന്നും മടങ്ങുകയും ചെയ്തു. രോഗക്കിടക്കയിലുള്ള വിവേക് വേഗം സുഖം പ്രാപിക്കുമെന്ന് സഹോദരന് വിഷ്ണുവിനോട് ആശംസിക്കാനും മന്ത്രി മറന്നില്ല. തുടര്‍ന്നായിരുന്നു മന്ത്രിയുടെ മടക്കം.
Post Your Comments