കേന്ദ്രസര്‍ക്കാര്‍ നടപടി നേരിടുന്ന ഉദ്യോഗസ്ഥയെ കാര്‍ഷിക സര്‍വകലാശാല വിസിയാക്കാന്‍ മന്ത്രിയുടെ ശുപാര്‍ശ
NewsKerala

കേന്ദ്രസര്‍ക്കാര്‍ നടപടി നേരിടുന്ന ഉദ്യോഗസ്ഥയെ കാര്‍ഷിക സര്‍വകലാശാല വിസിയാക്കാന്‍ മന്ത്രിയുടെ ശുപാര്‍ശ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപടി നേരിടുന്ന ഉദ്യോഗസ്ഥ ഇഷിത റോയിക്ക് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി നല്‍കാന്‍ കൃഷി മന്ത്രി ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി. കേന്ദ്ര മാനവ വിഭവശേഷി വകുപ്പില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രാലയം ഇവരുടെ സ്ഥാനക്കയറ്റം തടഞ്ഞിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമാണ് ഇഷിത റോയ്. ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭ്യമാകേണ്ട ഇഷിത റോയിക്കെതിരെ കുറ്റപത്രം നല്‍കി അച്ചടക്ക നടപടികള്‍ തുടരുകയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനോ സുപ്രധാന നിയമനങ്ങള്‍ക്കോ വിജിലന്‍സിന്റെ ക്ലിയറന്‍സ് ഇനിയും ഇവര്‍ക്ക് ലഭിച്ചിട്ടുമില്ല.

ഇപ്പോഴത്തെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബുവിന്റെ കാലാവധി ഒക്ടോബര്‍ ഏഴിന് അവസാനിക്കുകയാണ്. അതിനാല്‍ പ്രോ ചാന്‍സലര്‍ കൂടിയായ വകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ചാണ് ചാന്‍സലറായ ഗവര്‍ണര്‍ മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കേണ്ടത്. മാനവ വിഭവശേഷി മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ ഇഷിത റോയ് റൂസ ഫണ്ടില്‍ നിന്ന് 23 ലക്ഷം രൂപ ഇവര്‍ അനധികൃതമായി കൈപ്പറ്റിയിരുന്നു.

തന്റെയും രണ്ട് മക്കളുടെയും രാജ്യത്തെയും വിദേശത്തെയും യാത്രകള്‍ക്കായി പൊതുപണം ചിലവിട്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇഷിതയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യമെല്ലാം മറച്ചുവച്ചാണ് ഇഷിത റോയിക്ക് കാര്‍ഷിക സര്‍വകലാശാല വിസി പദവി താത്കാലികമായി കൈമാറാന്‍ മന്ത്രി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഗവര്‍ണര്‍ തേടുമെന്നും രേഖകള്‍ പരിശോധിക്കുമെന്നുമാണ് രാജ്ഭവനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related Articles

Post Your Comments

Back to top button