രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രി, കള്ള കാവിയുടുത്ത പൂച്ച സന്യാസി: പാവപ്പെട്ട ദളിത് പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവർക്ക് ഒത്താശ ചെയ്യുന്നയാൾ; യോഗി ആദിത്യനാഥിനെതിരെ അതിരൂക്ഷ വിമർശനവുമായി എം.എം.മണി

കട്ടപ്പന: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി. വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് മണി കട്ടപ്പനയിൽ പറഞ്ഞു. ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാൻ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണുള്ളതെന്നും മണി ചോദിച്ചു. കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ പാവപ്പെട്ട ദളിത് പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവർക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും എംഎം മണി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്നലെ കാസർകോട് നിന്നും ഫ്ലാഗ് ഓഫ് ചെയ്തത് യോഗി ആദിത്യനാഥാണ്. ഉദ്ഘാടന പ്രസംഗത്തിൽ എൽഡിഎഫ് സർക്കാരിനും യുഡിഎഫിനുമെതിരെ അതിരൂക്ഷ വിമർനമാണ് യോഗി നടത്തിയത്. ദേശസുരക്ഷയ്ക്കായി കേരളം ഭരിച്ച ഇടതുവലതു സർക്കാരുകൾ ഒന്നും തന്നെ ചെയ്തില്ലെന്നും അവർ കേരളത്തിൽ വിഭാഗീയതയും വർഗീയതയും വളർത്തുകയാണെന്നും യോഗി ആരോപിച്ചിരുന്നു. ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നവർക്ക് കേരളത്തിൽ സഹായം ലഭിച്ചപ്പോൾ ഉത്തർപ്രദേശ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.