അറുപത്തിമൂന്നാം നിറവില്‍ അഭിനയ കുലപതി
MovieNewsEntertainment

അറുപത്തിമൂന്നാം നിറവില്‍ അഭിനയ കുലപതി

മലയാള സിനിമയിലെ എക്കാലത്തെയും സൂര്യതേജസ്സ് അഭിനയ കുലപതിയുമായ മോഹന്‍ലാലിന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. മലയാള സിനിമയുടെ ഊതിക്കാച്ചിയെടുത്ത പൊന്ന്. പകരക്കാരനില്ലാത്ത അഭിനയത്താവ്. അഭിനയ സമവാക്യങ്ങള്‍ തോറ്റുപോകുന്ന അനായാസ അഭിനയം, ശരീരപേശികളാല്‍ പോലും വെള്ളിത്തിരയില്‍ മായാജാലം തീര്‍ത്ത നടനമാന്ത്രികന്‍, അതെ അഭ്രപാളിയില്‍ ആടിത്തീര്‍ത്ത വേഷങ്ങളിലൊക്കെയും മോഹന്‍ലാലിന്റേതായ എന്തോ ഒന്നുണ്ട്. അത് തന്നെയാണ് മോഹന്‍ലാല്‍ പകരക്കാരനില്ലാത്ത അവതാരമാകുന്നത്…

സേതുവായും വിന്‍സന്റ് ഗോമസായും ബാലകൃഷ്ണനായും അപ്പുവായും ബാലചന്ദ്രന്‍ നായരായും വേണുഗോപാലായും ദാസനായും ജയകൃഷ്ണനായും പവിത്രനായും വിഷ്ണുവായും ദേവനാരായണനായും സിഐഡി രാംദാസായും സേതുമാധവനായും മംഗലശേരി നീലകണ്ഠനായും മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭ അഭ്രപാളികളില്‍ വേഷപ്പകര്‍ച്ച കൊണ്ട് നിറഞ്ഞാടി. ഭ്രാന്തമായ അഭിനയം, മനോഹരമായ പുഞ്ചിരി, മീശപിരിച്ച ഗൗരവമുള്ള, മുണ്ടുമടക്കിക്കുത്തിയ വില്ലന്‍, കണ്ണുകളില്‍ പ്രേമവും ചുണ്ടുകളില്‍ കള്ളച്ചിരിയുമൊളിപ്പിച്ച കാമുകന്‍, മലയാള സിനിമാ ആദ്യമായും അവസാനമായും കണ്ട ചേട്ടച്ഛന്‍, അങ്ങനെ അങ്ങനെ മോഹന്‍ ലാന്‍ എന്ന നടനൊരു വിസ്മയമായി…. നടനവിസ്മയമായി.

അയാള്‍ക്ക് മുന്‍ഗാമികളും പിന്‍ഗാമികളും ഉണ്ടായിരുന്നില്ല.. ഒറ്റയ്ക്കൊരു സിനിമാ ലോകത്തേക്ക് പിച്ചവച്ചുനടന്ന മനുഷ്യന്‍ മലയാള സിനിമയെന്ന ഗോളത്തിനുള്ളില്‍ ഒറ്റയ്ക്കൊരു ലോകം തീര്‍ത്തു. അവിടെ അയാള്‍ രാജാവായി, ഭടനും ഭൃത്യനും മന്ത്രിയും പടയാളിയുമായി. അങ്ങനെയങ്ങനെ തങ്കലിപികളാല്‍ സ്വന്തം പേര് കുറിച്ചുവച്ചു. ഐവി ശശിയുടെ മാന്ത്രികതയില്‍ ഉടലെടുത്ത ദേവാസുരത്തിലെ മംഗശേരി നീലകണ്ഠനോട് പലവുരു പ്രേക്ഷകര്‍ക്ക് ദേഷ്യം തോന്നാം, വെറുപ്പ് തോന്നാം, അറപ്പ് തോന്നാം, ഒടുവില്‍ ആരുമല്ലാതായി, ഒന്നുമല്ലാതായി പെരുമഴയില്‍ ഒറ്റപ്പെട്ട കുഞ്ഞിനോട് തോന്നുന്ന വാത്സ്യല്യം തോന്നി….മോഹന്‍ലാന്‍ ഇല്ലായിരുന്നുവെങ്കില്‍ മംഗശേരി നീലകണ്ഠനുണ്ടാകുമായിരുന്നോ? സേതുമാധവനും വിഷ്ണുവും ഡോ സണ്ണിയും ആരുമുണ്ടാകുമായിരുന്നില്ല… ഒരിക്കലും മായാത്ത, മലയാള സിനിമ ഉള്ളിടത്തോളം കാലം മലയാളികള്‍ മറക്കാത്ത പേര്. ലാലേട്ടന്‍… പ്രിയപ്പെട്ട മോഹന്‍ലാലിന് ഒരായിരം പിറന്നാള്‍ ആശംസകള്‍….

Related Articles

Post Your Comments

Back to top button