മൊറട്ടോറിയം കാലാവധി കഴിഞ്ഞു: കടക്കാരെ കുടിയൊഴിപ്പിക്കാന്‍ ബാങ്കുകള്‍
NewsKerala

മൊറട്ടോറിയം കാലാവധി കഴിഞ്ഞു: കടക്കാരെ കുടിയൊഴിപ്പിക്കാന്‍ ബാങ്കുകള്‍

കൊച്ചി: കോവിഡ് വന്നതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞവര്‍ക്ക് ആശ്വാസമായ ലോണ്‍ മൊറട്ടോറിയം കാലാവധി ഒരു വര്‍ഷം മുമ്പ് തീര്‍ന്നതോടെ തങ്ങളുടെ വായ്പകള്‍ തിരിച്ചുപിടിക്കാനൊരുങ്ങി ബാങ്കുകള്‍. മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം കാലാവധിയാണ് അവസാനിച്ചത്.

സര്‍ഫാസി ആക്ട് പ്രകാരം വീട്ടാ കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ആയിരത്തോളം വീടും പറമ്പും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ലേലത്തിന് വച്ചതായുള്ള പരസ്യം മാധ്യമങ്ങളില്‍ കൊടുത്തിരിക്കുകയാണ്. മറ്റ് ബാങ്കുകളും ഉടന്‍ തന്നെ ഈ വഴിക്ക് നീങ്ങും. കഴിഞ്ഞ ദിവസത്തെ ദി ഹിന്ദു ദിനപത്രത്തില്‍ വായ്പ കുടിശിക വരുത്തിയവരുടെ പേര് വിവരങ്ങളും ലേലത്തില്‍ വച്ചിരിക്കുന്ന വസ്തു വകകളുടെ വിശദ വിവരങ്ങളും ചേര്‍ത്ത് പരസ്യം നല്‍കിയിരുന്നു.

അഞ്ച് പേജുകളിലായാണ് കിട്ടാക്കടത്തെക്കുറിച്ച് ബാങ്ക് പരസ്യം നല്‍കിയത്. സംസ്ഥാനത്ത് ഇത്ര വിപുലമായ തോതില്‍ അഞ്ഞൂറിലധികം പേര്‍ക്കെതിരെ ലേല നടപടികളുമായി ബാങ്ക് മുന്നോട്ട് പോവുന്നത് ആദ്യമായാണ്. അറനൂറ് കോടിയിലധികം വിലമതിക്കുന്ന ആയിരത്തിലധികം കെട്ടിടങ്ങളും വസ്തുക്കളുമാണ് എസ്ബിഐ ലേലത്തിന് വച്ചിരിക്കുന്നത്. ബാങ്കിന്റെ ഈ നടപടി വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജൂണ്‍ 30ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്റെ നിലപാട്. കോവിഡ് മൂലം തകര്‍ന്നു പോയ ചെറുകിട സംരംഭകരും ഇടത്തരം കച്ചവടക്കാരു മാണ് കുടിശിക വരുത്തിയിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും. ബാങ്ക് വായ്പയെടുത്ത് സ്വയം തൊഴില്‍ കണ്ടെത്തിയവരും ഇക്കുട്ടത്തിലുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ എറണാകുളത്തുള്ള സ്ട്രസ്ഡ് അസറ്റ് റിക്കവറി ബ്രാഞ്ചാണ് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഈ ബ്രാഞ്ചിന്റെ കീഴിലാണ് എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലെ വസ്തുവകള്‍ ലേലത്തിന് വച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി മാത്രം അഞ്ഞൂറിലധികം വസ്തുവകകള്‍ ഉടനെ ലേലത്തിന് വെക്കുമെന്നാണ് എസ്ബിഐ അധികൃതര്‍ പറയുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഈയടുത്ത കാലത്ത് വായ്പ കുടിശിക വരുത്തിയവരുടെ വസ്തുവകകള്‍ ലേലത്തിന് വച്ചിരിക്കുന്നതിന്റെ പത്രപരസ്യം നല്‍കിയിരുന്നു.

ഒരു വശത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും നിമിത്തം പൊറുതിമുട്ടി നില്‍ക്കുന്ന മലയാളിക്ക് മേല്‍ ബാങ്കുകളുടെ ഭീഷണിയും കൂടിയാല്‍ ജീവിതം തന്നെ അത്യന്തം ദുസഹമാവുമെന്നുറപ്പാണ്. ബാങ്ക് നടപടികളുമായി മുന്നോട്ട് പോവുമ്പോള്‍ ആത്മഹത്യകള്‍ പെരുകാനിടയാക്കും. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും കാലം തെറ്റി വന്ന മഴമൂലം കൃഷി നാശവും നിമിത്തം സാധാരണക്കാരന്‍ പൊറുതിമുട്ടി നില്‍ക്കുമ്പോഴാണ് ബാങ്കുകളുടെ ഈ നടപടി.

ഇത്ര വിപുലമായ നടപടികളുമായി ബാങ്കുകള്‍ നീങ്ങുന്ന വിവരമറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. ബാങ്കേഴ്സ് സമിതി യോഗം വിളിച്ചുചേര്‍ത്ത് തിരിച്ചടവ് കാലാവധി നീട്ടിനല്‍കാനുള്ള ശ്രമങ്ങളൊന്നും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇങ്ങനെ ഒരു സംഭവം അറിഞ്ഞതായി പോലും മുഖ്യമന്ത്രിയോ ധനകാര്യമന്ത്രിയോ നടിക്കുന്നുമില്ല.

Related Articles

Post Your Comments

Back to top button