ഫ്രാങ്കോയെ വെറുതെ വിട്ട വിധിയില്‍ 30 ഓളം പിഴവുകള്‍: അപ്പീലിനൊരുങ്ങി പോലീസ്

കോട്ടയം: കന്യാസ്ത്രിയെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിയില്‍ പിഴവുകളെന്ന് കണ്ടെത്തല്‍. വിധിയില്‍ 30 ഓളം പിഴവുകളുണ്ടെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതോടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അപ്പീല്‍ നല്‍കാനുള്ള നടപടികളാരംഭിച്ചു.
വിദേശത്ത് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമായിരിക്കും അപ്പീല്‍ ഫയല്‍ ചെയ്യുക. കോട്ടയം സെഷന്‍സ് കോടതി വിധിയില്‍ അപാകതയുണ്ടെന്ന പോലീസിന്റെ നിലപാട് ശരിവയ്ക്കുന്ന രീതിയിലാണ് പോലീസിനും നിയമോപദേശം ലഭിച്ചത്. കേസിന്റെ വസ്തുതകള്‍ വിലയിരുത്തിയതിലും സാക്ഷി മൊഴികളും തള്ളിയ നിയമ വ്യാഖ്യാനത്തിലും പിഴവുണ്ടെന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തെ അറിയച്ചത്.
നിയമം വ്യാഖ്യാനിക്കുന്നതിലും സുപ്രിം കോടതി നിര്‍ദേശങ്ങള്‍ വിലയിരുത്തിയതിലുമാണ് പിഴവുകള്‍ കണ്ടെത്തിയത്. അത് കൊണ്ട് തന്നെ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കി വിധിയിലെ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാട്ടി അപ്പീല്‍ അപേക്ഷ നല്‍കാനാണ് തീരുമാനം. ഹൈക്കോടതി അപ്പീല്‍ അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടി അപ്പീല്‍ വാദവും തയാറാക്കും.
എന്നാല്‍ അപ്പീല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കേണ്ടതുണ്ട്. ഇതിനായുള്ള അപേക്ഷ പോലീസ് ആഭ്യന്തര സെക്രട്ടറിക്ക് അടുത്തയാഴ്ച നല്‍കും. വിദേശത്തുള്ള മുഖ്യമന്ത്രി തിരികെ എത്തിയ ശേഷം മാത്രമാണ് അനുമതിയില്‍ അന്തിമ തീരുമാനമാകു.