5000 ലേറെ അവയവ തട്ടിപ്പുകൾ നടന്നു, അന്വേഷണം ഇനിയും ആശുപത്രികളിലേക്ക് എത്തിയിട്ടില്ല.

തിരുവനന്തപുരം/കഴിഞ്ഞ 8 വർഷത്തിനിടെ കേരളത്തിൽ അയ്യായിരത്തിലധികം അവയവ തട്ടിപ്പുകൾ നടന്നതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. സർക്കാർ പദ്ധതിയാണെന്നു നിർധനരെ തെറ്റിദ്ധരിപ്പിച്ചാണ് അവയവ മാഫിയ കോടികളുടെ തട്ടിപ്പു നടത്തിയതെന്നും സർക്കാർ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നു വന്നതെന്നും ഉള്ള സംശയം ബലപ്പെടുകയാണ്. അതേസമയം,അവയവ തട്ടിപ്പ് സംഭവങ്ങളിലെ കേന്ദ്ര ബിന്ദുക്കളായ ആശുപത്രികളിലേക്ക് അന്വേഷണം ഇനിയും എത്തിയിട്ടില്ല.
അവയവം സ്വീകരിച്ചവരിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കി വന്ന ഇടനിലക്കാരടങ്ങി വന്ന സംഘം അവയവദാതാക്കൾക്ക് നക്കാപ്പിച്ച നൽകി ഒഴിവാക്കുകയായിരുന്നു. 10 ലക്ഷം രൂപയാണ് പരമാവധി ദാതാക്കൾക്ക് നൽകി വന്നിരുന്നത്. ബാക്കി തുക ഏജന്റുമാരും,ചില ആശൂപത്രി നടത്തിപ്പുകാരും കൈയ്യിലാക്കുകയായിരുന്നു. ഏജന്റുമാർ, ചില ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരെ കേന്ദ്രീകരിച്ച്ആണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇപ്പോൾ നടക്കുന്നത്. എല്ലാ ജില്ലകളിലും തട്ടിപ്പു സംഘത്തിന്റെ ഏജന്റുമാരും കണ്ണികളും ഉണ്ട്.
വൃക്ക, കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയുടെ പേരിൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണു കൂടുതൽ തട്ടിപ്പു നടന്നത്. നിയമവിരുദ്ധ അയവ മാറ്റം നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ പോലും അന്വേഷണം അവയവ മാറ്റം നടത്തിയ ആശുപത്രികളിലേക്ക് എത്തിയിട്ടില്ല.
ബെംഗളൂരുവിൽ വൃക്ക വാഗ്ദാനം ചെയ്ത് കോടികൾ തട്ടിഎടുത്ത കേസിൽ 3 വിദേശികൾ ഉൾപ്പെടെ 7 പേർ ഫെബ്രുവരിയിൽ അറസ്റ്റിലായിരുന്നു. കേരളത്തിലെ അവയവ തട്ടിപ്പു സംഘങ്ങൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും, ക്രൈംബ്രാഞ്ച് അന്വേഷിചുവരുകയാണ്. വെബ്സൈറ്റിലൂടെയുള്ള തട്ടിപ്പിനു മുന്നൂറിലേറെപ്പേർ ഇരയായിട്ടുള്ളതായ ഞെട്ടിക്കുന്ന വിവരമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.