കടയ്‌ക്കാവൂർ പോക്‌സോ കേസിൽ അമ്മയ്‌ക്ക് ജാമ്യം, അന്വേഷണ സംഘത്തെ മാറ്റണം.

തിരുവനന്തപുരം/ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ വിവാദമായ കടയ്‌ക്കാവൂർ പോക്‌സോ കേസിൽ അമ്മയ്‌ക്ക് ജാമ്യം.
അമ്മ പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി സിംഗിൽ ബെഞ്ചാണ് ഉപാധികളോടെ അമ്മക്ക് ജാമ്യം അനുവദിച്ചത്. കടയ്ക്കാവൂര് കേസ് പരിഗണിക്കവെ മാതൃത്വത്തിന്‍റെ മഹത്വം ഹൈക്കോടതി എടുത്ത് പറയുകയുണ്ടായി. ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു ഇടപെടലും ഉണ്ടാകരുത് എന്ന ഉപാധിയുമാണ് കോടതി വച്ചിരിക്കുന്നത്.
കേട്ടുകേൾവിയില്ലാത്ത കുറ്റകൃത്യം ആണെന്നും, അതിശയം ഉണ്ടാകുന്നതായും കോടതി നിരീക്ഷിക്കുകയുണ്ടായി. കേസിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ആഴത്തിലുളള അന്വേഷണം ആവശ്യമാണ്. അന്വേഷണം നടത്താൻ നിലവിലുളള അന്വേഷണ സംഘത്തിന് പകരം പുതിയൊരു സംഘം രൂപീകരിക്കണമെന്നു പറഞ്ഞ കോടതി, ഒരു വനിത ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണ സംഘം രൂപീകരിക്കേണ്ടതെന്നും വളരെ വേഗത്തിൽഅന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇരയായ കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡിനെ നിയോഗിക്കണമെന്നും, കുട്ടിയുടെ സംരക്ഷണം ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി വിധിപ്രസ്‌താവത്തിൽ പറയുകയുണ്ടായി.ഒരു മനശാസ്ത്ര വിദഗ്ധനും ഒരു ശിശുരോഗ വിദഗ്ധനും ഉൾപ്പെടുന്നതായിരിക്കണം മെഡിക്കൽ ബോർഡ്. മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിത്. മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിന് മുമ്പേ രൂപംകൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ലെന്നാണ് ജസ്റ്റിസ് ഷെര്‍സി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.