Kerala NewsLatest NewsNationalNews

മുല്ലപ്പെരിയാര്‍: യുഎന്‍ പഠനറിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

കൊച്ചി: മുല്ലപ്പെരിയാറിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ചുള്ള യുഎന്‍ പഠന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍. ഡാമില്‍ ഗുരുതരമായ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും, ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് 2021 ജനുവരിയിലാണ് പുറത്ത് വന്നത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം വന്‍ സുരക്ഷഭീതിയിലാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി അടക്കം സുരക്ഷയുടെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നുവെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ ഒരു റിട്ട് ഹര്‍ജിയില്‍ ആരോപണമുണ്ട്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണ് ഈ അണക്കെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം ശുര്‍ക്ക മിശ്രിതം കൊണ്ട് പണിത അണക്കെട്ട് കാലാവധിയും പിന്നിട്ട് തന്നെ ദശാബ്ദങ്ങളായി. നൂറിലധികം വര്‍ഷം പഴക്കമുണ്ട് മുല്ലപ്പെരിയാര്‍ ഡാമിനെന്നും അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ട് നിര്‍മിച്ച കാലത്തെ നിര്‍മ്മാണ വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമായ വസ്തുക്കളാണ്.

അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷം പേര്‍ അപകടത്തിലാകും. അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്ക വിഷയമാണിതെന്നകാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രളയസാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംസ്ഥാനം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയാണ്. പ്രളയ സമാനമായ അവസ്ഥയില്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നല്‍കി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button