CrimeKerala NewsNews

കേരളത്തെ കരയിച്ച നരാധമന് 21 വര്‍ഷം ശിക്ഷ

തൊടുപുഴ: കേരളത്തെ കരയിച്ച ആ മഹാപാതകത്തിലെ പ്രതി അരുണ്‍ ആനന്ദിന് മൂന്നര വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ 21 വര്‍ഷം തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന് തൊടുപുഴ പോക്‌സോ കോടതിയാണ് വിവിധ വകുപ്പുകളിലായി 21 വര്‍ഷം ശിക്ഷ വിധിച്ചത്. പ്രതിക്ക് 3,81,000 രൂപയും ശിക്ഷയായി വിധിച്ചു. പ്രതിക്ക് 15 വര്‍ഷമായി ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. ഇരയുടെ സഹോദരന്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലും, ഇയാള്‍ പ്രതിയാണ്.

2019ലായിരുന്നു കേരളത്തെയാകെ കരയിച്ച ആ ദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികളുടെ പിതാവിന്റെ മരണ ശേഷം കുട്ടികളുടെ അമ്മയായ യുവതിയൊടൊപ്പം ഇയാള്‍ താമസിച്ചു വരികയായിരുന്നു. അമിതമായ ലഹരിക്ക് അടിമയായ ഇയാള്‍ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചു എന്നതിന്റെ പേരില്‍ കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ ചവിട്ടുകയും എടുത്ത് എറിയുകയും ചെയ്തു. അതില്‍ മൂത്ത കുട്ടിയുടെ തലയോട് തകര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിക്കുകയും ദിവസങ്ങള്‍ കഴിഞ്ഞ് കുട്ടി മരിക്കുകയും ചെയ്തിരുന്നു.

സംഭവം ഇങ്ങനെ

സംഭവ ദിവസം രക്തത്തില്‍ കുളിച്ച നിലയില്‍ എഴു വയസുകാരനെയുമായി സോഫയില്‍ നിന്ന് വീണ് പരിക്ക് പറ്റിയെന്നു പറഞ്ഞാണ് തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയില്‍ കുട്ടിയുടെ തലയോട് തകര്‍ന്ന് തലച്ചോര്‍ പുറത്ത് വന്ന നിലയിലായിരുന്നു. ഇതോടെ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസിന്റെ സഹായത്തോടെ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ബലമുള്ള വടികൊണ്ടോ, ചുമരില്‍ ശക്തമായി ഇടിച്ചതോ ആകാം കുട്ടിയുടെ തലയോട്ടി പൊട്ടാനുള്ള കാരണം എന്ന സംശയം ഡോക്ടര്‍മാര്‍ പങ്കുവച്ചതോടെ പോലീസ് കാര്യക്ഷമമായി ഇടപെടാന്‍ തുടങ്ങി. വെന്റിലേറ്ററില്‍ മരുന്നുകളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അതിനിടെ കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകാത്തതായിരുന്നു വെല്ലുവിളി. അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം ഒരേ മനസ്സാല്‍ ആ കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി കുഞ്ഞിന്റെ പള്‍സ് റേറ്റ് കുറഞ്ഞു, ഹൃദയമിടിപ്പ് മന്ദഗതിയിലായി. ഒടുവില്‍ ആറാം തിയതി പകല്‍ പതിനൊന്നരയോടെ ഹൃദയമിടിപ്പ് പൂര്‍ണമായും നിലച്ചു.

ഇതോടെ സത്യങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് തുടങ്ങി. തന്റെ സഹോദരനെ മര്‍ദ്ദിച്ചത് അമ്മയുടെ സുഹൃത്താണ് എന്ന് ഇളയ കുട്ടി മൊഴി നല്‍കിയിരുന്നു. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. ഇതെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ ഒരുമിച്ചി ജീവിക്കാനാരംഭിച്ചത്. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛന്‍ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടര്‍ന്നാണ് രണ്ടാനച്ഛന്‍ ചേട്ടനെ മര്‍ദ്ദിച്ചതെന്നായിരുന്നു ഇളയകുട്ടി മൊഴി നല്‍കിയത്. നേരത്തെയും കുട്ടിയ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും സമ്മതിച്ചതോടെ അരുണ്‍ ആനന്ദിന്റെ കൈയ്യില്‍ വിലങ്ങ് വീണു.

Related Articles

Back to top button