
പുതിയ അധ്യയന വര്‍ഷാരംഭത്തിന് ദിവസങ്ങള്‍ മാത്രം. അരനൂറ്റാണ്ടായി തുടര്‍ന്നുവന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൊളിച്ചെഴുത്തായി അവതരിപ്പിക്കപ്പെട്ട പുതിയ ദേശീയ വിദ്യാഭ്യാസ നയം ഈ അവസരത്തില്‍ നമ്മള്‍ എത്രമാത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം അവഗണിക്കേണ്ടതാണോ ഈ സുപ്രധാന വിഷയം?
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷമായി നടക്കുന്ന അനീതിയാണ് ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള അവഗണനയും പുറംതിരിഞ്ഞു നില്‍പും. വിദ്യാഭ്യാസ നയം നടപ്പാക്കുമോ ഇല്ലയോ എന്നതിനപ്പുറം അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താനാകുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പോലും ഇവിടെ ഉണ്ടാകുന്നില്ലെന്നത് ഖേദകരമാണ്.

കുറെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതുപോലെ തന്നെ ഒരുപാടു നല്ല കാര്യങ്ങള്‍ പുതിയ വിദ്യാഭ്യാസ നയത്തിലുണ്ട്. അതില്‍ വേണ്ടത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നിരിക്കെ അത് നടപ്പാക്കാതിരിക്കുക എന്നത് യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളുടെ അവകാശ നിഷേധം എന്ന നിലയില്‍ കാണേണ്ടതാണ്.
വിദ്യാര്‍ഥി സംഘടനകള്‍ക്കോ അധ്യാപര്‍ക്കോ ഈ കാര്യത്തില്‍ കാര്യമായ അവബോധം ഇവിടെയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മാധ്യമങ്ങളും ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നതാണ് വസ്തുത.
ഭരണഘടന എത്ര നല്ലതാണെങ്കിലും നടപ്പാക്കുന്നതു മോശം ആളുകളാണെങ്കില്‍ അതു മോശമാകും. എത്ര മോശമാണെങ്കിലും നടപ്പാക്കുന്നതു നല്ല ആളുകളാണെങ്കില്‍ നന്നാകും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആമുഖത്തില്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍.അംബേദ്കറുടെ ഈ വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍.സുബ്രഹ്‌മണ്യം അധ്യക്ഷനായ സമിതിയാണു ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ആദ്യ കരടു സമര്‍പ്പിച്ചത്. 2016 ലായിരുന്നു ഇത്.സംഘപരിവാര്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമെന്നു വിമര്‍ശനങ്ങളുയര്‍ന്നതോടെ 2017ല്‍ ഐ.എസ്.ആര്‍.ഒ മുന്‍ മേധാവി ഡോ. കെ.കസ്തൂരിരംഗന്‍ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു. 19 പ്രധാന നിര്‍ദേശങ്ങളാണു ആ സമിതി സമര്‍പ്പിച്ചത്. പാഠ്യ, പാഠ്യേതര വേര്‍തിരിവില്ലാതെ കല, സംഗീതം, കരകൗശലം, സ്പോര്‍ട്സ്, യോഗ, സാമൂഹിക സേവനം എന്നിവയെല്ലാം പാഠ്യവിഷയങ്ങളാകണം. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുല്യ പരിഗണന. സ്വകാര്യ സ്ഥാനങ്ങളില്‍ ഫീസ് വര്‍ധനയ്ക്കു കര്‍ശന വ്യവസ്ഥകള്‍. ബിരുദ കോഴ്സുകളുടെ സമഗ്ര പുനഃസംഘടന.അധ്യാപനത്തിനുള്ള മിനിമം യോഗ്യത 4 വര്‍ഷ ഇന്റഗ്രേറ്റഡ് ബിഎഡ്. വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണത്തിന് രാഷ്ട്രീയ ശിക്ഷാ ആയോഗ്. പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രത്യേക നിയന്ത്രണ സംവിധാനങ്ങള്‍.ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ദേശീയ റിസര്‍ച് ഫൗണ്ടേഷന്‍,ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി ദേശീയ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ അതോറിറ്റി തുടങ്ങിയവയാണ് ഈ നിര്‍ദേശങ്ങള്‍.

നയത്തില്‍ യോജിക്കാവുന്നതും എതിര്‍ക്കേണ്ടതുമായ നിര്‍ദേശങ്ങളുണ്ട്.എന്നാല്‍, അതിനെക്കാള്‍ പ്രധാനം ഇവ നടപ്പാക്കുക എങ്ങനെയായിരിക്കും എന്നതാണ്.
നയത്തിലെ നിര്‍ദേശമനുസരിച്ച് കുട്ടിയുടെ മൂന്നു മുതല്‍ ആറു വയസ്സുവരെയുള്ള കാലം കൂടി ഇനി ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.ഇതാകട്ടെ, ആഗോള സങ്കല്‍പത്തിനു വിരുദ്ധവും.
വിദേശത്ത് ഈ പ്രായത്തില്‍ കുട്ടികളെ കളിക്കാന്‍ വിടുകയാണ്. ഫിന്‍ലന്‍ഡില്‍ ഏഴാം വയസ്സിലാണു സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നത്.കുട്ടി എട്ടാം വയസ്സില്‍ മൂന്നാം ഗ്രേഡില്‍ (മൂന്നാം ക്ലാസ്) എത്തുമ്പോഴേക്കും ഭാഷയിലും കണക്കിലും അടിസ്ഥാനം രൂപപ്പെട്ടിരിക്കണമെന്നതാണു മറ്റൊരു നിര്‍ദേശം.ഒന്നാം ഗ്രേഡ് മുതല്‍ ഭാഷാവാരം, ഗണിതവാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളുണ്ടാകും. എന്നാല്‍, 3 7 വയസ്സില്‍ കളിയിലൂടെയാണ് പഠിപ്പിക്കേണ്ടതെന്നു മറ്റൊരിടത്തു പറയുമ്പോള്‍ അടിസ്ഥാന പരമായ വൈരുധ്യം വ്യക്തമാണ്.സ്‌കൂള്‍ പഠനത്തിനു നിലവിലുള്ള 10 പ്ലസ് 2 എന്ന ഘടന മാറ്റി പകരം 5- 3 -3 -4 ഘടന കൊണ്ടുവരുന്നത് എന്തിനെന്നു മനസ്സിലാകാത്ത കാര്യമാണ്. പുതിയ രീതിയനുസരിച്ചും ആറാം വയസ്സില്‍ കുട്ടി ഒന്നാം ഗ്രേഡിലെത്തും. പിന്നെ എന്തിനാണു മാറ്റം ?തുടക്കം മുതലേ രണ്ടു ഭാഷ പഠിക്കണമെന്നും നിര്‍ദേശമുണ്ട്. ചെറിയ പ്രായത്തില്‍ ഭാഷ കൂടുതല്‍ മനസ്സിലുറയ്ക്കുമെന്ന വാദമാണ് ഉന്നയിക്കുന്നത്.ജപ്പാനില്‍ ജാപ്പനീസ് എന്ന ഭാഷയില്‍ മാത്രം പഠിച്ചിട്ടും കുട്ടികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നാണ് വിമര്‍ശകര്‍ ഇതിനെതിരേ ചൂണ്ടിക്കാട്ടുന്ന പ്രധാന വാദം.
ഇവിടെ പൊതുവിദ്യാലയങ്ങളില്‍ ഒരു രീതിയും സ്വകാര്യ സ്‌കൂളുകളില്‍ മറ്റൊരു രീതിയുമാണ്. എല്ലാ സ്‌കൂളുകളിലും ഒരേ രീതി വേണമെന്നാണ് നയം പറയുന്നത്.ഫാക്ടറി ഉത്പന്നങ്ങള്‍ പോലെ എല്ലാ കുട്ടികളെലും ഒരു തരത്തിലാവണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്നതും പ്രധാന ചോദ്യമാണ്.
രാജ്യത്ത് എല്ലായിടത്തും വിദ്യാഭ്യാസ സാഹചര്യം ഒരുപോലെയല്ല. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുള്ള സ്ഥലങ്ങളില്‍ പ്രത്യേക വിദ്യാഭ്യാസമേഖല എന്ന നിര്‍ദേശം കേരളത്തില്‍ ഒരുപക്ഷേ, ചുരുക്കം ചില ഭാഗങ്ങളില്‍ മാത്രമാകും പ്രസക്തം.സമീപ പ്രദേശങ്ങളിലെ വിവിധ സ്‌കൂളുകള്‍ ചേര്‍ത്തു സ്‌കൂള്‍ കോംപ്ലക്സുകള്‍ രൂപീകരിക്കണമെന്ന നിര്‍ദേശവും കേരളത്തിലെ സാഹചര്യത്തിനു ചേരുന്നതല്ല.
അധ്യാപകര്‍ കുറവായിരുന്ന കാലത്തെ കോത്താരി കമ്മിഷന്റെ ശുപാര്‍ശയാണു സ്‌കൂള്‍ കോംപ്ലക്സ്. അധ്യാപകനെ നിയമിക്കുക ഏതെങ്കിലും സ്‌കൂളിലേക്കല്ല, കോംപ്ലക്സിലേക്കാകും.ഓരോ ദിവസവും താന്‍ ഏതു സ്‌കൂളില്‍ പോയി പഠിപ്പിക്കണമെന്ന് അധ്യാപകന്‍ വിളിച്ചുചോദിക്കേണ്ട അവസ്ഥ വരും.
ഗുണങ്ങള്‍ നോക്കുകയാണെങ്കില്‍ ദേശീയ വിദ്യാഭ്യാസ നയം നിലവിലുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ പ്രയോഗികം എന്നു കാണാവുന്നതാണ്.

പാഠ്യപദ്ധതിയിലും ബോധനരീതിയിലും എല്ലാം പുതിയ നയം കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. വിമര്‍ശനാത്മക സമീപനം, പ്രായോഗികജ്ഞാനം, ക്രിയാത്മകമായ ഇടപെടല്‍ എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. ഒപ്പം കോഴ്സുകളുടെ രൂപകല്‍പനയിലും തിരഞ്ഞെടുപ്പിലും എല്ലാം വിദ്യാര്‍ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുമുണ്ട്. കാലോചിതമായ മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ കൊണ്ടുവരാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ഇത് നല്‍കുന്നുമുണ്ട്. അതുകൊണ്ട് തന്നെ നയം എത്രയും വേഗം നടപ്പാക്കിയില്ലെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ഥികളും മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും തമ്മിലുള്ള നൈപുണിയിലും വൈദഗ്ധ്യത്തിലും അറിവിലും എല്ലാം വളരെയധികം വ്യത്യാസമുള്ളവരായി മാറും. അത് അവരുടെ മറ്റു സ്ഥലങ്ങളിലുള്ള ഉപരിപഠനത്തെയും കാര്യമായി ബാധിക്കും. അതു നേരിടാന്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കുക മാത്രമാകും നമ്മുടെ കുട്ടികള്‍ക്കു മുന്നിലുള്ള പോംവഴി.
ഈ രീതിയില്‍ അവഗണന തുടര്‍ന്നാല്‍ അടുത്ത രണ്ടുമൂന്നുവര്‍ഷത്തേക്ക് നയം നടപ്പാകുന്ന കാര്യത്തില്‍ കാര്യമായ പ്രതീക്ഷയൊന്നും വേണ്ട.
തമിഴ്നാട്ടിലും നയം നടപ്പാക്കിയിട്ടില്ലല്ലോ എന്നാണ് നയത്തിനെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. എന്നാല്‍ല്‍ ഉന്നതവിദ്യാഭ്യാസരംഗത്ത നേരത്തേ തന്നെ നിരവധി മാറ്റങ്ങള്‍ കാര്യമായി കൊണ്ടുവന്നതിനുശേഷമാണ് തമിഴ്നാട് ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് പറയുന്നത്. നമുക്കാണെങ്കില്‍ അങ്ങനെയൊരു ഉള്‍ക്കാഴ്ച ഒരു ഘട്ടത്തിലുമുണ്ടായിട്ടില്ല.

അതിനാലാണ് കേരളത്തില്‍ നിന്ന് നിലവില്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനായി പുറത്തേക്ക് കുടിയേറുന്നത്.
ഇന്ന് വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി വന്‍തുക ചെലവുചെയ്ത് വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്ന പ്രവണതയും കൂടിയിരിക്കുകയാണ്. ഭാരതകേന്ദ്രീകൃതമായ വിദ്യാഭ്യാസമാണ് ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്നതെന്നാണ് വിമര്‍ശകരുടെ മറ്റൊരു പ്രധാന ആക്ഷേപം. വികലമായ ചരിത്രത്തെയും അവരെ പരിപോഷിപ്പിക്കുന്ന സംസ്‌കാരത്തെയും വിദ്യാഭ്യാസത്തിലൂടെ കടത്തിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ഗാന്ധിക്കും അംബേദ്കര്‍ക്കും പകരം ഗോഡ്സേയും സവര്‍ക്കറും സിലബസിലേക്ക് സ്വതന്ത്ര്യസമര സേനാനികളായി ഉള്‍പ്പെടുത്തപ്പെടും എന്നാണ് ഇവര്‍ വാദിക്കുന്നത്.
പഠനത്തോടൊപ്പം തൊഴിലെടുക്കാനുള്ള നൈപുണ്യം നേടുകയെന്നത് ഒറ്റനോട്ടത്തില്‍ വളരെ സ്വാഗതാര്‍ഹമായി തോന്നാം. പക്ഷേ, ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയില്‍ ജാതി തൊഴിലുമായി ഇടകലര്‍ന്നുകിടക്കുകയാണ്. സംഘപരിവാറിന്റെ തൊഴിലും ജാതിയുമായി ബന്ധപ്പെട്ട പൊതുനിലപാടുകളും ദേശീയ വിദ്യാഭ്യാസ നയത്തിലെ മറ്റു ചില മാനദണ്ഡങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടുവേണം ഇതിനെ പരിശോധിക്കാനെന്ന് വിമര്‍ശകര്‍ പറയുന്നു.
വിദ്യാഭ്യാസം നേടേണ്ട കാലഘട്ടത്തില്‍ തൊഴിലിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടുന്നത് ഇന്ത്യയില്‍ അപകടകരമാംവിധം ജാതിയെ പ്രോത്സാഹിപ്പിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. തൊഴിലറിവ് നേടുന്നതോടുകൂടി വിദ്യാഭ്യാസം ഉപേക്ഷിച്ച് തൊഴിലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സാധ്യതകളുണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍.
Post Your Comments