‘നിഴല്‍’ എന്ന ചിത്രത്തിലൂടെ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു.

പുതുപുത്തന്‍ ചിത്രത്തിലൂടെ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിഴല്‍’ എന്ന ചിത്രത്തിലൂടെയാണ് താരങ്ങള്‍ ഒന്നിച്ച് പ്രേക്ഷകരിലേക്ക് എത്തുന്നത്. നയന്‍താരയുടെ നായകനായി ആദ്യമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തിയ ത്രില്ലര്‍ ചിത്രം ‘അഞ്ചാം പാതിരാ’. ഇപ്പോഴിതാ മറ്റൊരു ത്രില്ലര്‍ ചിത്രവും ചാക്കോച്ചന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്. നയന്‍താരയ്‌ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഭൂരിഭാഗവും എറണാകുളത്ത് ചിത്രീകരിക്കും. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണുള്ളത്. വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തില്‍ തീവണ്ടി സംവിധായകന്‍ ഫെല്ലിനിയുമുണ്ട്.