മുംബൈ/ ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായതോടെ മഹാരാഷ്ട്രയില്‍ കൂടുതല്‍ ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം. ശിവസേനയ്ക്ക് പിന്നാലെ എന്‍സിപിയും കോണ്‍ഗ്രസും എംഎല്‍എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും. ശിവസേന എംഎല്‍എമാര്‍ നിലവില്‍ മുംബൈ മലാഡിലെ ഒരു റിസോര്‍ട്ടിലാണ്.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് എന്‍സിപി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് ശിവസേനയുടെ എംഎല്‍എമാരെയും ചില സ്വതന്ത്ര എംഎല്‍എമാരെയും ശിവസേന മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
ആറ് സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിലേക്ക് ബിജെപി, മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എന്‍സിപിയും കോണ്‍ഗ്രസും ഓരോ സ്ഥാനാര്‍ത്ഥികളെയും ശിവസേന രണ്ട് സ്ഥാനാര്‍ത്ഥികളെയും നിശ്ചയിച്ചു. അഞ്ച് പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെങ്കിലും ഒരു സീറ്റില്‍ ഇതോടെ മത്സരം ഉറപ്പായി. ശിവസേനയും സഞ്ജയ് പവാറും ബിജെപിയുടെ ധനഞ്ജയ് മഹാദികും തമ്മിലാകും മത്സരം. ഇത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. നേരത്തെ മത്സരം ഒഴിവാക്കാന്‍ ഒരു സീറ്റ് അധികം ഉള്‍പ്പെടുത്താം എന്ന ശിവസേന നിര്‍ദേശം ബിജെപി തള്ളിയിരുന്നു. പിയൂഷ് ഗോയല്‍, അനില്‍, ധനഞ്ജയ് മഹാദിക് എന്നിവരാണ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍. എന്‍സിപി പ്രഫുല്‍ പട്ടേലിനെയും കോണ്‍ഗ്രസ് ഇമ്രാന് പ്രതാപ്‍ഗര്‍ഹിയെയും നിശ്ചയിച്ചിട്ടുണ്ട്. സഞ്ജയ് റൗട്ടും സഞ്ജയ് പവാറുമാണ് ശിവസേന സ്ഥാനാര്‍ത്ഥികള്‍. മഹാരാഷ്ട്ര നിയമസഭയില്‍ 106 അംഗങ്ങളാണ് ബിജെപിക്കുള്ളത്.

അതിനിടെ, രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയമുറപ്പിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കഠിനശ്രമം. പാര്‍ട്ടി നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്ന 6 എംഎല്‍എമാരെ അനുനയിപ്പിച്ച ഗെലോട്ട് അവരുമായി ഉദയ്പുരിലെ റിസോര്‍ട്ടിലെത്തി. കഴിഞ്ഞയാഴ്ച മറ്റ് എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടിലേക്കു മാറാന്‍ ഇവര്‍ വിസമ്മതിച്ചിരുന്നു. ശനിയാഴ്ച രാത്രി ഇവരുമായി കൂടിക്കാഴ്ച നടത്തിയ ഗെലോട്ട് ഇന്നലെയാണ് റിസോര്‍ട്ടിലെത്തിയത്. 6 എംഎല്‍എമാരില്‍ 4 പേര് ബിഎസ്പിയില് നിന്നെത്തിയവരാണ്.
പാര്‍ട്ടി എംഎല്‍എമാര്‍ മുഴുവന്‍ റിസോര്‍ട്ടിലുണ്ടെന്നും സ്ഥാനാര്‍ഥിയായ പ്രമോദ് തിവാരിയെ ജയിപ്പിക്കാന്‍ തങ്ങള്‍ക്കാകുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. ജയമുറപ്പാക്കാന്‍ സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയും കോണ്‍ഗ്രസിനു വേണം. ഇവരുമായും ഗെലോട്ട് സമ്പര്‍ക്കത്തിലാണ്. ബിജെപി പിന്തുണയുള്ള സ്വതന്ത്രനും മാധ്യമ സ്ഥാപന ഉടമയുമായ സുഭാഷ് ചന്ദ്രയാണു പ്രമോദിന്റെ എതിരാളി. തങ്ങളുടെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് ആരോപിച്ച് അഴിമതി വിരുദ്ധ വിഭാഗത്തിനു കോണ്‍ഗ്രസ് പരാതി നല്കി.

തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നിരീക്ഷകരെ നിയോഗിച്ചു. പവന്‍കുമാര്‍ ബന്‍സല്‍, ടി.എസ്. സിങ് ദേവ് എന്നിവരാണ് രാജസ്ഥാനിലെ നിരീക്ഷകര്‍. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, രാജീവ് ശുക്ല എന്നിവര്‍ ഹരിയാനയിലെയും, മല്ലികാര്‍ജുന്‍ ഖര്‍ഗെ എംപി മഹാരാഷ്ട്രയിലെയും നിരീക്ഷകരാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍, മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ എന്നിവരില്‍ വിശ്വാസമര്‍പ്പിക്കുന്ന പാര്‍ട്ടി പുറത്തു നിന്നുള്ള നിരീക്ഷകരെ നിയോഗിച്ചിട്ടില്ല. ജെഡിഎസിലെ ഏതാനും പേരുടെ പിന്തുണയുറപ്പാക്കി പാര്‍ട്ടി സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്റെ വിജയമുറപ്പാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
Post Your Comments