രാജ്യത്തെ പുതിയ കൊവിഡ് കേസുകൾ വീണ്ടും അമ്പതിനായിരത്തിന് മുകളിലേക്ക്.

ന്യൂഡൽഹി/ രാജ്യത്തെ പുതിയ കൊവിഡ് കേസുകൾ വീണ്ടും അമ്പതിനായിരത്തിനു മുകളിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 577 മരണം കൂടി രേഖപ്പെടുത്തി. ഇതോടെ മൊത്തം കേസുകൾ 84.62 ലക്ഷവും മരണസംഖ്യ 1,25,562ഉം ആയി. 50,356 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 78 ലക്ഷം പേര് രോഗ മുക്തരായി. റിക്കവറി നിരക്ക് 92.41 ശതമാനമായി. മരണനിരക്ക് 1.48 ശതമാനം.
തുടർച്ചയായി ഒമ്പതാം ദിവസവും ആറു ലക്ഷത്തിൽ താഴെ അതായത് 5,16,632 ആണ്ആക്റ്റിവ് കേസുകൾ. മൊത്തം കേസ് ലോഡിന്‍റെ 6.11 ശതമാനമാണിത്. 11.13 ലക്ഷം സാംപിളുകൾ വെള്ളിയാഴ്ച രാജ്യത്തു പരിശോധിച്ചു. പുതുതായി രേഖപ്പെടുത്തിയ മരണങ്ങളിൽ 161ഉം മഹാരാഷ്ട്രയിലാണ്. ഡൽഹിയിൽ 64, പശ്ചിമ ബംഗാളിൽ 55, ഛത്തിസ്ഗഡിൽ 52, കർണാടകയിൽ 35, തമിഴ്നാട്ടിലും കേരളത്തിലും 27 വീതം പേർ 24 മണിക്കൂറിനിടെ മരണപെട്ടു. മഹാരാഷ്ട്രയിൽ മൊത്തം കൊവിഡ് മരണം 44,965 ആയി. കർണാടകയിൽ 11,347, തമിഴ്നാട്ടിൽ 11,299, പശ്ചിമ ബംഗാളിൽ 7,177, ഉത്തർപ്രദേശിൽ 7,155, ഡൽഹിയിൽ 6,833, ആന്ധ്രയിൽ 6,768, പഞ്ചാബിൽ 4,295, ഗുജറാത്തിൽ 3,748 എന്നിങ്ങനെയാണ് ഇതുവരെയുള്ള മരണസംഖ്യ.