ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ല: നെയ്യാറ്റിന്‍കര ബിഷപ്

കൊച്ചി: നടന് ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്. ദിലീപുമായും സംവിധായകന് ബാലചന്ദ്രകുമാറുമായും തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിന്‍കര രൂപത ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ ജാമ്യവുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ ആരോപണം.
നടിയെ ആക്രമിച്ച കേസില്‍ തനിക്ക് 80 ദിവസത്തെ ജാമ്യം ലഭിച്ചത് നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടാണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു. ബിഷപ്പിന് പണം നല്‍കണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെ തന്നോട് ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ ബിഷപ്പിനൊപ്പം നില്ക്കുന്ന ഫോട്ടോ അന്വേഷണ സംഘം വീട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ് മൂലത്തില്‍ പറയുന്നു.