എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ല, തദ്ദേശ തെരഞ്ഞെടുപ്പിലെ പരിഭവത്തോടെ മാണി സി കാപ്പൻ.

കോട്ടയം / എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും, എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കുന്ന പ്രശ്നവുമില്ലെന്നും മാണി സി. കാപ്പൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്ന പരിഭവത്തോടെയായിരുന്നു മാണി സി. കാപ്പന്റെ പ്രതികരണം. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതായ വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു മാണി സി. കാപ്പൻ. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നത്. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് പുറത്ത് വരുന്ന വിവരങ്ങൾ പറയുന്നത്.
എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി. കാപ്പൻ എംഎൽഎ പറയുന്നത്. നിലവിൽ എൽഡിഎഫിന്റെ ഭാഗമാണ് എൻസിപി. യുഡിഎഫുമായി എൻസിപിക്ക് ചർച്ച നടത്തേണ്ടകാര്യമില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽനിന്നും എൽഡിഎഫിന്റെ സ്ഥാനാർഥിയായി ജനവിധി തേടും. എൽഡിഎഫ് മറിച്ചൊന്നും പറഞ്ഞിട്ടില്ല. എൻസിപിയ്ക്ക് പാലാ സീറ്റ് ഇല്ലെന്ന് എൽഡിഎഫ് പറഞ്ഞിട്ടില്ല. വഴിയെ പോകുന്നവർക്ക് പാലാ ചോദിക്കാൻ എന്ത് കാര്യമെന്നും കാപ്പൻ ചോദിക്കുന്നുണ്ട്. തോറ്റവർ എങ്ങനെ സീറ്റ് ചോദിക്കും. ജോസ് കെ. മാണിയെ ഉന്നമിട്ടു കാപ്പൻ ചോദിച്ചു. തങ്ങളെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്ക് ഉണ്ട്. തോമസ് ചാണ്ടി അനുസ്മരണത്തിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തതിൽ രാഷ്ട്രീയമില്ല. മുൻ മുഖ്യമന്ത്രി എന്ന നിലയിലാണ് ഉമ്മൻ ചാണ്ടി പരിപാടിയിൽ പങ്കെടുത്തത്. മാണി സി കാപ്പൻ പറഞ്ഞു.