ഇനി ഹോക്കി ആവേശം; ലോകകപ്പിന് ഇന്ന് തുടക്കം
NewsNationalWorld

ഇനി ഹോക്കി ആവേശം; ലോകകപ്പിന് ഇന്ന് തുടക്കം

റൂര്‍ക്കേല: 15-ാം ലോകകപ്പ് ഹോക്കിക്ക് ഇന്ന് തുടക്കം. ഒഡിഷയിലെ ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയം, റൂര്‍ക്കല ബിര്‍സാ മുണ്ട സ്റ്റേഡിയം എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ മത്സരാവേശം നിറയും. ചാമ്പ്യന്‍മാരായ
ബല്‍ജിയം അടക്കം 16 ടീമുകളാണ് അണിനിരക്കുന്നത്. ഇന്നുമുതല്‍ എല്ലാ ദിവസവും നാലു കളികളാണുള്ളത്. വര്‍ണാഭമായ ചടങ്ങുകളോടെ ഇന്നലെ ലോകകപ്പിന്റെ ഉദ്ഘാടനം നടന്നു.

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ഠാക്കുര്‍, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് തയ്യിബ് ഇക്രം എന്നിവര്‍ പങ്കെടുത്തു. അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ആദ്യ പോരാട്ടം. ഉച്ചയ്ക്ക് ഒരുമണിക്കാണ് മത്സരം. മൂന്ന് മണിക്ക് ഓസ്ട്രേലിയ ഫ്രാന്‍സിനെയും അഞ്ച് മണിക്ക് ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും. രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-സ്പെയ്ന്‍ പോരാട്ടം. ഇക്കുറി ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ക്വാര്‍ട്ടറിലെത്തും. നാലു ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് നേരിട്ട് ഏറ്റുമുട്ടി വീണ്ടും ക്വാര്‍ട്ടറിലെത്താന്‍ അവസരമുണ്ട്.
24നും 25നുമാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.

27ന് സെമിയും 29ന് ഫൈനലും നടക്കും.1975ല്‍ നേടിയ കിരീടം പതിറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ന് ടീം ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. റൂര്‍ക്കേലയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ-സ്‌പെയിന്‍ മത്സരം. നാലാം ലോകകപ്പിനിറങ്ങുന്ന മലയാളി താരം ആര്‍ ശ്രീജേഷ് അടക്കം ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇക്കുറി പ്രതീക്ഷകളേറെയാണ്. ഉപനായകന്‍ അമിത് രോഹിഡാസ്, മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, മന്‍ദീപ് സിങ്, ആകാഷ്ദീപ് സിങ് എന്നിവരാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റുതാരങ്ങള്‍. 1948-നുശേഷം ഇന്ത്യ 30 മത്സരങ്ങളാണ് സ്പെയിനുമായി കളിച്ചത്. ഇതില്‍ 13 എണ്ണത്തില്‍ ജയിച്ചു. 11 എണ്ണത്തില്‍ സ്പെയിന്‍ ജയം നേടി. ആറെണ്ണം സമനിലയായി. പൂള്‍ ഡി-യില്‍ ഇംഗ്ലണ്ട്, വെയ്ല്‍സ് ടീമുകളാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍.

Related Articles

Post Your Comments

Back to top button