
തിരുവനന്തപുരം ; ഹോട്ടലുകളില്‍ മുട്ട ചേര്‍ത്ത മയൊണൈസ് ഒഴിവാക്കും. പകരം വെജിറ്റബിള്‍ മയൊണൈസ് നല്‍കും. ഹോട്ടലുടമകള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൂടുതല്‍ നേരം മയൊണൈസ് വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാല്‍ ഈ നിര്‍ദ്ദേശത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. തങ്ങളുടെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്റുകളിലും നോണ്‍ വെജ് മയോണൈസുകള്‍ വിളമ്പില്ലെന്നും സര്‍ക്കാരിന്റെ ഭക്ഷ്യ പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും ബേക്കേഴ്സ് അസോസിയേഷന് അറിയിച്ചു. വിഷരഹിത ഭക്ഷണം ഉറപ്പാക്കാന്‍ അനിവാര്യമായ പരിശോധനകള്‍ക്ക് തങ്ങളുടെ പിന്തുണയുണ്ടെന്നും അസോസിയേഷന് വ്യക്തമാക്കി.
എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
Post Your Comments