മതമില്ലെന്നത് സംവരണം നിഷേധിക്കാനുള്ള കാരണമാകരുത്: ഹൈക്കോടതി
KeralaNews

മതമില്ലെന്നത് സംവരണം നിഷേധിക്കാനുള്ള കാരണമാകരുത്: ഹൈക്കോടതി

കൊച്ചി: മതമില്ലെന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നിഷേധിക്കാനുള്ള കാരണമാവരുതെന്ന് ഹൈക്കോടതി. പുരോഗമന ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഞ്ച് വിദ്യാര്‍ഥികള്‍ മതമില്ലെന്ന് പ്രഖ്യാപിച്ചതിനാല്‍ കോളേജ് അഡ്മിഷന് സാമ്പത്തിക സംവരണാനുകൂല്യം നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇവര്‍ക്ക് മതമില്ലാത്തവരെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മതമില്ലെന്ന് പ്രഖ്യാപിച്ചവര്‍ക്ക് അക്കാര്യം വ്യക്തമാക്കി കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നയവും മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടാക്കണം. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണത്തിന് 164 സമുദായങ്ങളെ ഉള്‍പ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മതമില്ലാത്തവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്ന് വിലയിരുത്തിയാണ് സംവരണാവകാശം നിഷേധിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം എന്ന ആശയം ജീവിതത്തില്‍ പകര്‍ത്തിയ ഹര്‍ജിക്കാരെ അഭിനന്ദിച്ചു. ഓണം അവധിക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

Related Articles

Post Your Comments

Back to top button