സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതറിഞ്ഞത് മാധ്യമങ്ങളിലൂടെ; കത്ത് ഇനിയും കിട്ടിയില്ലെന്ന് എം.പി.എ. റഹീം
NewsLocal News

സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതറിഞ്ഞത് മാധ്യമങ്ങളിലൂടെ; കത്ത് ഇനിയും കിട്ടിയില്ലെന്ന് എം.പി.എ. റഹീം

കണ്ണൂര്‍: മുസ്ലിം ലീഗില്‍ താന്‍ വഹിച്ച സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തത് മാധ്യമങ്ങളിലൂടെയാണറിഞ്ഞതെന്നും ഇതു സംബന്ധിച്ച കത്ത് ഇതുവരെ ലഭിച്ചില്ലെന്നും എം.പി.എ. റഹിം പ്രസ്താവനയില്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുസ്ലിം സാംസ്‌കാരിക വേദി നടത്തിയ സെമിനാറിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാകും വിധം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി മനസിലാക്കുന്നു. പ്രസ്തുത പരിപാടിയെക്കുറിച്ച് ഓഗസ്റ്റ് 10 മുതല്‍ ചന്ദ്രിക ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വാര്‍ത്തകളായി വന്നിരുന്നു. അതിലെല്ലാം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.വി. ജയരാജന്‍, അഡ്വ.കെ.എന്‍.എ. ഖാദര്‍, അബ്ദുല്‍ കരീം ചേലേരി, സതീശന്‍ പാച്ചേനി, റിജുല്‍ മാക്കുറ്റി, എന്‍. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് പരസ്യപ്പെടുത്തിയിരുന്നു.

അന്നുമുതല്‍ ഇവരുടെയെല്ലാം ഫോട്ടോ വെച്ച ഫ്‌ളക്‌സുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയ പ്രചരണങ്ങളും ഉണ്ടായിരുന്നു. കൂടാതെ കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം മണ്ഡലം മുസ്ലിം ലീഗ് നേതാക്കള്‍, ഏഴ് ജില്ല ഭാരവാഹികള്‍, പ്രധാന ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംഎസ്എഫ് ജില്ലാ ഭാരവാഹികള്‍, ജില്ലാ യൂത്ത്‌ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ഈ പ്രോഗ്രാം നോട്ടീസ് നല്‍കിയിട്ടുണ്ട്. ചന്ദ്രിക ദിനപത്രത്തില്‍ രണ്ടുദിവസം വാര്‍ത്തയും ഒരു ദിവസം പരസ്യവും വന്നിരുന്നു.

14 ാം തീയതി മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരുന്നു. 11 ാം തീയതി ഇരിക്കൂര്‍ മണ്ഡലം ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തിലും ഈ പരിപാടിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 12 മുതല്‍ ജില്ലാ മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയുടെ അനുമതിയോടെയും സഹകരണത്തോടെയുമാണ് ഓഫീസില്‍ നിന്നും പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. 12 ന് ജില്ലാ ഭാരവാഹികളുടെ ഗ്രൂപ്പില്‍ ഈ പ്രോഗ്രാമിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 14ന് ഒരു ഓണ്‍ലൈന്‍ ചാനല്‍ ഇതിനെതിരെ വാര്‍ത്തയും നല്‍കിയിരുന്നു.


15 ന് പ്രോഗ്രാം കഴിയുന്നത് വരെ ഉത്തരവാദപ്പെട്ടവര്‍ ആരും ഇത് മാറ്റി വെക്കാനോ പാര്‍ട്ടി വിരുദ്ധമാണെന്നോ സൂചിപ്പിച്ചിട്ടില്ല. മാറ്റിവെക്കണമെന്ന് പറഞ്ഞാല്‍ പരിപാടി ഒഴിവാക്കുമായിരുന്നു. 16 ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചപ്പോഴാണ് ഉത്തരവാദപ്പെട്ടവര്‍ക്ക് പാര്‍ട്ടി വിരുദ്ധമാണെന്നും, പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചതാണെന്നും തോന്നിയത്. ഇക്കാര്യങ്ങളെല്ലാം ജില്ലാ, സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

സദുദ്ദേശ്യത്തോടെയാണ് പരിപാടി നടത്തിയത്. പാര്‍ട്ടി അച്ചടക്ക ലംഘനം നടന്നതായി അതുവരെ തോന്നിയിട്ടില്ല. ജാഗ്രതക്കുറവ് സംഭവിച്ചതായി പിന്നീട് മനസിലായി. ഉത്തരവാദപ്പെട്ടവരെല്ലാം അറിഞ്ഞിട്ടും ഇതിനെ വിലക്കാതിരുന്നത് പാര്‍ട്ടി അച്ചടക്ക ലംഘനമല്ലെന്ന് കണ്ടത് കൊണ്ടായിരിക്കും. ഫ്‌ളക്‌സുകളിലും ബോര്‍ഡുകളിലും സോഷ്യല്‍ മീഡിയകളില്‍ ഒന്നും ഞങ്ങളുടെ ഫോട്ടോ ഉണ്ടായിരുന്നില്ല. ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ ആരൊക്കെ ഈ പരിപാടി മുന്‍കൂട്ടി അറിഞ്ഞുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ ഉത്തരവാദപ്പെട്ടവര്‍ നല്‍കിയ വിശദീകരണത്തില്‍ പരിപാടി വിലക്കിയിരുന്നുവെന്നതും ഉള്‍പ്പെടെ തെറ്റിദ്ധാരണാജനകമായ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്, ഒരിക്കലും വിലക്കിയിട്ടില്ല. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടിയെയും നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നത് ശരിയായ സംവിധാനമല്ലെന്ന് ബോധ്യമുള്ളതിനാല്‍ മറ്റുകാര്യങ്ങള്‍ക്ക് മറുപടി പറയുന്നില്ല. യാഥാര്‍ത്ഥ്യം ഇതാണ്. മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

Related Articles

Post Your Comments

Back to top button