ലാവലിന്‍ കേസ് ഇനിയും മാറ്റരുതെന്ന് സുപ്രീം കോടതി; കേസ് സെപ്റ്റംബര്‍ 13 ന് പരിഗണിക്കും
NewsKeralaPolitics

ലാവലിന്‍ കേസ് ഇനിയും മാറ്റരുതെന്ന് സുപ്രീം കോടതി; കേസ് സെപ്റ്റംബര്‍ 13 ന് പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീം കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. അന്ന് തന്നെ കേസ് കോടതി പരിഗണിക്കുമെന്നും അന്നത്തെ പട്ടികയില്‍ നിന്നും കേസ് മാറ്റരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരുന്നത്.

ഹര്‍ജി നിരന്തരം മാറ്റിവയ്ക്കുന്നത് അഭിഭാഷ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി നിര്‍ദേശം. 2017 ല്‍ പിണറായി വിജയന്‍, കെ. മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസിലെ പ്രതികളായ കസ്തൂരി രംഗ അയ്യര്‍, എം.വി രാജഗോപാല്‍, ആര്‍. ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 1995 മുതല്‍ 1998 വരെ നടപ്പാക്കിയ കരാര്‍ ഇടപാടുകളുടെ പേരിലാണ് എസ്എന്‍സി എന്ന കനേഡിയന്‍ കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. 2005 ലാണ് ഇതു സംബന്ധിച്ച ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ അക്കൗണ്ട്സ് മെമ്പര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും സുപ്രീംകോടതി 13 ന് പരിഗണിക്കും. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് അടിസ്ഥാനം.

Related Articles

Post Your Comments

Back to top button