Editor's ChoiceKerala NewsLatest NewsLocal NewsNews

കൊടുവള്ളിയിൽ നടന്നത് കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവം.

തിരുവനന്തപുരം/ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പൂജ്യം വോട്ട് നേടിയ കൊടുവള്ളില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച കാരാട്ട് ഫൈസലിന് വിജയരഥത്തില്‍ ഊരുചുറ്റിച്ചത് സി പി എം പ്രവർത്തകർ. എല്‍.ഡി.എഫിന് നാണക്കേടും ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. വിജയത്തിന്റെ ലഹരി മൂത്ത് സി.പി.എം പ്രവര്‍ത്തകര്‍ എന്തും ചെയ്യുന്ന അവസ്ഥയില്‍ എത്തുകയായിരുന്നു കൊടുവള്ളിയിൽ. അതു തന്നെയാണ് അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ കാരാട്ട് ഫൈസലിനെ സി.പി.എം പ്രവര്‍ത്തകര്‍ ചെങ്കൊടിയുമായി വിജയരഥത്തില്‍ എഴുന്നള്ളിച്ചത്. സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആസാദ് രംഗത്ത് വന്നു. സ്വന്തം സ്ഥാനാര്‍ഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയരഥത്തില്‍ ഊരുചുറ്റിക്കുന്നത് ഇടതുപക്ഷ അശ്ലീലമാണെന്ന് ഡോ. ആസാദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്ത് നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി എന്നാണു ആസാദ് എഴുതിയിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ട് രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. കൊടുവള്ളിയിലേത് കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇത്തരത്തിൽ അപമാനിച്ചിട്ടില്ലെന്നും ഡോ. ആസാദ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.

ഡോ. ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ പൊട്ടിയൊലിച്ച ജീര്‍ണതയുടെ രണ്ടു ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ കണ്ടു. ഒന്ന് പാലക്കാട് നഗരസഭാ കെട്ടിടത്തിനുമേല്‍ ജയ് ശ്രീരാം നെറ്റിപ്പട്ടം ചാര്‍ത്തുന്നതാണ്. മറ്റൊന്ന് കാരാട്ടു ഫൈസലിന്റെ വിജയരഥം. ഒരു നഗരസഭയിലെ വിജയം ബി.ജെ.പിയെ അവരുടെ അധമമായ ഹിന്ദുത്വ പുളപ്പുകള്‍ക്ക് പ്രേരിപ്പിക്കുന്നുവെങ്കില്‍ കൂടുതല്‍ വിജയം കൊയ്യുമ്പോള്‍ എവിടെയെത്തിക്കില്ല! മതേതര ഭരണഘടനക്കും രാഷ്ട്ര സംവിധാനത്തിനും മേല്‍ മതശാഠ്യത്തിന്റെ ജയ് വിളികള്‍ പതിപ്പിക്കാന്‍ കേരളം സമ്മതിച്ചു തുടങ്ങിയോ? ആരുടെ ഉദാസീനതകള്‍ക്ക് മേലാണ് അവര്‍ ചവിട്ടിക്കയറുന്നത്? അരുതെന്ന് വിലക്കാന്‍, നെറ്റിപ്പട്ടങ്ങള്‍ വലിച്ചു താഴെയിടാന്‍ സംസ്ഥാന പോലീസിനും മതേതര പൗരസമൂഹത്തിനും ബാധ്യതയുണ്ട്. വരാനിരിക്കുന്ന വലിയ വിപത്തിന്റെ കൊടിയാണ് പാലക്കാട്ട് ഉയര്‍ന്നിരിക്കുന്നത്.
രാഷ്ട്രീയത്തിലെ കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഭൂതബാധയാണ് പാലക്കാടന്‍ അശ്ലീലമെങ്കില്‍ കൊടുവള്ളിയില്‍ കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്ത് നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ട് രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ല! സ്വന്തം സ്ഥാനാര്‍ഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയ രഥത്തില്‍ ഊരുചുറ്റിക്കുന്ന ഇടതുപക്ഷ അശ്ലീലമാണിത്. രാഷ്ട്രീയം ഏതു വഴിയില്‍ തിരിയരുതെന്ന് ഓരോ ജനാധിപത്യ തല്‍പരനും കരുതുന്നുവോ അതുവഴി തെളിക്കുന്ന ആപല്‍ക്കരമായ രാഷ്ട്രീയ ചിത്രങ്ങളാണ് രണ്ടും. ശക്തമായ ജനവിധിക്ക് കളങ്കം ചാര്‍ത്തുന്ന അശ്ലീല ചിത്രങ്ങള്‍. ജനാധിപത്യ ജീവിതവും രാഷ്ട്രീയവും ഭയപ്പെട്ട രണ്ടപകടങ്ങളെ എഴുന്നെള്ളിക്കുന്ന ധിക്കാരം. രണ്ടിനോടും കലഹിക്കാതെ മുന്നോട്ടു പോകാനാവില്ല. വര്‍ത്തമാനകാല ഭീഷണികളുടെ ഈ നേര്‍ചിത്രങ്ങള്‍ നമ്മെ ഉണര്‍ത്തുമെങ്കില്‍ നന്ന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button