സംസ്ഥാനത്ത് ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 11,668 കേസുകള്‍
NewsKeralaLocal NewsCrime

സംസ്ഥാനത്ത് ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 11,668 കേസുകള്‍

തിരുവനന്തപുരം: എക്‌സൈസിന്റെ നേതൃത്വത്തില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചു. 11,668 കേസുകളാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്. 802 മയക്കുമരുന്ന് കേസുകളിലായി 824 പേരെയും അറസ്റ്റ് ചെയ്തു. നവംബര്‍ ഒന്നുവരെ മയക്കുമരുന്നിനെതിരായ പ്രത്യേക പരിശോധനകള്‍ തുടരുമെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ആഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

സ്‌പെഷ്യല്‍ ഡ്രൈവില്‍ 16,306 പരിശോധനകളാണ് എക്‌സൈസ് നടത്തിയത്. അതില്‍ 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 802 മയക്കുമരുന്ന് കേസുകളും 2,425 അബ്കാരി കേസുകളും പുകയിലയുമായി ബന്ധപ്പെട്ട 8,441 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസുകളില്‍ 1,988 പേരും മയക്കുമരുന്ന് കേസുകളില്‍ 824 പേരും അറസ്റ്റിലായി. ലഹരി കടത്തുകയായിരുന്ന 107 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 525 കിലോ കഞ്ചാവും പത്തരക്കിലോ കിലോ ഹാഷിഷ് ഓയിലും 796 ഗ്രാം ബ്രൗണ്‍ ഷുഗറും 113 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. 606.9 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അനധികൃതമായി കടത്തുകയായിരുന്ന 1440 ലിറ്റര്‍ മദ്യവും 6832 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 1020 ലിറ്റര്‍ കള്ളും പിടിച്ചു. 491 ലിറ്റര്‍ സ്പിരിറ്റും ഡ്രൈവിന്റെ ഭാഗമായി പിടിച്ചിട്ടുണ്ട്. ലഹരി കടത്തിനെതിരെ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ജീവനക്കാരെ മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു.

Related Articles

Post Your Comments

Back to top button