‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് തയാർ’; തെരഞ്ഞെടുപ്പ് കമ്മീഷൻ.

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം നടപ്പാക്കാൻ തയാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. ഞങ്ങൾ അതിനു തയാറാണ്. നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാല്‍ ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന് ഒരുക്കമാണെന്നും, എല്ലാ നിയമഭേദഗതികൾക്കുമൊടുവിൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്’ തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാണെന്നും,സുനിൽ അറോറ ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.
രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബറില്‍ നിര്‍ദേശിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് മൂലം വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും അതിനാല്‍ ആവശ്യമായ പഠനം നടത്തി തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത്. ഒരൊറ്റ തെരഞ്ഞെടുപ്പെന്ന ആശയം പ്രധാനമന്ത്രി വളരെ മുൻപേ അവതരിപ്പിച്ചതാണ്. 2018 ൽ നിയമ കമ്മിഷൻ കരട് റിപ്പോർട്ടിൽ ലോക്സഭ, നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ശുപാർശ ഉൾപ്പെടുത്തിയിരുന്നതാണ്.