ഡാമുകള്‍ തുറക്കുന്നത് വിദഗ്ധ സമിതി തീരുമാന പ്രകാരം; കോളേജുകള്‍ 25 മുതല്‍
തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ല കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അടക്കം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുതെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അതേസമയം, ധനസഹായ വിതരണം ഊര്‍ജിതപ്പെടുത്താന്‍ ജില്ല കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണം.
ശബരിമലയില്‍ തുലാമാസ പൂജ സമയത്തുള്ള തീര്‍ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കും. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ല ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കി.
വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സന്നഹിതരായിരുന്നു.