ഉയിഗുര്‍ മുസ്ലീങ്ങളുടെ അവയവങ്ങള്‍ ചൈനയില്‍ വില്‍പനയ്ക്ക്
ബീജിംഗ്: ചൈനയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ തുടര്‍ക്കഥയാവുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍. ചൈനയിലെ ഉയിഗുര്‍ മുസ്ലീങ്ങളാണ് ഈ ക്രൂരതയ്ക്ക് ഏറെയും ഇരയാകുന്നത്. ചൈനയിലെ ഉയിഗുര്‍ മുസ്ലീങ്ങളും ന്യൂനപക്ഷങ്ങളും വന്‍ ഭീഷണിയാണ് സര്‍ക്കാരില്‍ നിന്നും നേരിടുന്നത്. ഇവരുടെ ആന്തരികാവയവങ്ങള്‍ ചൈനയിലെ മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വരുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
1,60,000 ഡോളറാണ് കരളിന് ചൈനീസ് കരിഞ്ചന്തയിലെ വിലയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ പത്രമായ ഹെറാള്‍ഡ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയിഗുര്‍ മുസ്ലീങ്ങളെ സിന്‍ജിയാംഗ് പ്രവിശ്യയിലെ പ്രത്യേക തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് നിര്‍ബന്ധിതമായി മാറ്റിയാണ് താമസിപ്പിക്കുന്നത്. മതാചാരങ്ങള്‍ ആചരിക്കുന്നത് നിര്‍ബന്ധിതമായി വിലക്കി ചൈനീസ് ഭരണകൂടം ഇവരെ പീഡിപ്പിക്കുന്നുണ്ട്.
ഉയിഗുര്‍ മുസ്ലീങ്ങള്‍ക്ക് തടവറയില്‍ എന്താണ് സംഭവിക്കുന്നതെന്നകാര്യം പുറത്തറിയുന്നില്ല. വിദേശവാര്‍ത്ത ഏജന്‍സികള്‍ പോലും ചൈനയിലെ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തിലാണ് ചൈനയിലെ വാര്‍ത്തമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മറ്റു രാജ്യങ്ങള്‍ക്ക് ചൈനയിലെ ധ്വംസനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.