ഇടുക്കിയില്‍ പച്ചവെളിച്ചം അണയുന്നില്ല; അന്വേഷണം കൂടുതല്‍ പേരിലേക്ക്
NewsKerala

ഇടുക്കിയില്‍ പച്ചവെളിച്ചം അണയുന്നില്ല; അന്വേഷണം കൂടുതല്‍ പേരിലേക്ക്

തൊടുപുഴ: തീവ്രവാദ സംഘടനകള്‍ക്ക് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സംഘം ഇപ്പോഴും ഇടുക്കിയില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. മൂന്നാര്‍ പോലീസ് സ്‌റ്റേഷനിലെ ഏതാനും പോലീസുകാര്‍ തീവ്രവാദ സംഘടനകള്‍ക്ക് അതീവരഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. ആറ് മാസം മുമ്പ് തൊടുപുഴ സ്റ്റേഷനില്‍നിന്ന് തീവ്രവാദ സംഘടനകളിലെ അംഗങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ സംഭവമുണ്ടായി.

ഇതില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ രണ്ടുമാസം മുന്‍പ് അന്വേഷണം നടത്തി സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്കാരന് ചോര്‍ത്തി നല്‍കിതിന് കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ അനസിനെയാണ് സേനയില്‍ നിന്ന് പിരിച്ചുവിട്ടത്. മറ്റൊരു കേസില്‍ അറസ്റ്റിലായ എസ്ഡിപിഐക്കാരനാണ് അനസ് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരം ചോര്‍ത്തി നല്‍കിയെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു.

കരുതല്‍ നടപടികളുടെ ഭാഗമായി പോലീസ് ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇപ്പോള്‍ മൂന്നാര്‍ സ്‌റ്റേഷനില്‍ പ്രധാന രേഖകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മറ്റ് ചില ഉദ്യോഗസ്ഥര്‍ ഇയാളെ സഹായിച്ചെന്നുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങിയതോടെ ഇവര്‍ സ്ഥലംമാറ്റത്തിനുള്ള ശ്രമം തുടങ്ങിട്ടുണ്ട്.

എന്തുതരത്തിലുള്ള വിവരങ്ങളാണ് ചോര്‍ത്തിയതെന്നുള്ളത് വിശദമായ അന്വേഷണത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. എതിര്‍ പ്രസ്ഥാനത്തിലുള്ളവരുടെ പേരു വിവരങ്ങള്‍ പോലീസില്‍ നിന്ന് ശേഖരിച്ച് കൊലപാതകങ്ങള്‍ക്കുള്ള ഹിറ്റ്‌ലിസ്റ്റ് ഉണ്ടാക്കല്‍ തീവ്രവാദ സംഘടനകളുടെ സ്ഥിരം രീതിയാണ്. ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസന്‍ കൊലയിലും പാലക്കാട്ടെ ശ്രീനിവാസന്‍ കൊലയിലും ഇത്തരം ഹിറ്റ് ലിസ്റ്റ് സ്വാധീനമുണ്ടാക്കിയെന്നാണ് പോലീസ് വിലയിരുത്തുന്നത്. പോലീസിലെ ഹിന്ദു വിശ്വാസികളുടെയും ക്ഷേത്രാചാരങ്ങളില്‍ പങ്കെടുക്കുന്നവരുടെയും വിശദമായ പട്ടികയും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒറ്റുകാര്‍ വഴി ശേഖരിക്കുന്നുണ്ട്.

ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ അടക്കമാണ് ശേഖരിക്കുന്നത്. മാത്രമല്ല സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളുടെയും അവരുടെ അടുത്ത അനുയായികളുടെയും വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും എതിര്‍ക്കുന്നവരാണ് ഇവരില്‍ അധികവും. പോലീസുമായി സംഘര്‍ഷമുണ്ടായാല്‍ ഇവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് കടുത്ത ഹിന്ദുവിശ്വാസികളായ പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിച്ചത്.

കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ വിശദമായ വിവരങ്ങളും വീട്ടിലേക്കുള്ള വഴിയും വീട്ടുകാരുടെ വിവരങ്ങളും മക്കളുടെ പേരും സഹിതമാണ് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. ഭാവിയില്‍ ഈ പാര്‍ട്ടികളുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ നേരിടാനുള്ള കരുതല്‍ പട്ടികയാണ് ഇതെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ പോലീസ് സേനയില്‍ പച്ചവെളിച്ചം ഗ്രൂപ്പുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും ആദ്യം പുറത്തു പറഞ്ഞത് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറാണ്.

Related Articles

Post Your Comments

Back to top button