‘അശ്ലീല വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിച്ചു’; പാക്ക് നേതാവിന്റെ മൂന്നാം ഭാര്യയായ 18-കാരി വിവാഹമോചനത്തിന്

ഇസ്ലാമബാദ്: പാക്ക് രാഷ്ട്രീയ നേതാവും ടെലിവിഷന്‍ താരവുമായ ആമിര്‍ ലിയാഖത്തിന്റെ മൂന്നാം ഭാര്യ വിവാഹമോചനത്തിന് തയ്യാറെടുത്തു. 49-കാരനായ ലിയാഖത്തിനെതിരെ ഗുരുതര ആരോപണങ്ങളുയര്ത്തിയശേഷമാണ് 18-കാരി സയീദ ദാനിയ ആമിര്‍ വിവാഹമോചനം ഫയല്‍ ചെയ്തത്. നാലുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിവാഹമോചന വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയാണ് നേതാവാണ് ആമിര്‍ ലിയാഖത്ത്. രണ്ടാം ഭാര്യയായിരുന്ന നടി തുബ ആമിറുമായുള്ള വേര്‍പരിയലിന് പിന്നാലെ ഫെബ്രുവരിയിലാണ് വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന് ആമിര്‍ ലിയാഖത്ത് പ്രഖ്യാപിച്ചത്.
ആ സമയം മുതല്‍തന്നെ ഇരുവരും വാര്‍ത്തകളിലുണ്ടായിരുന്നു. രണ്ടുപേരും ഒന്നിച്ചുള്ള നാലു മാസം മാത്രം നീണ്ട വൈവാഹിക ജീവിതത്തിന് പിന്നാലെയാണ് വേര്‍പിരിയാനായി കോടതിയെ സമീപിച്ചുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ദാനിയ ആമിര്‍ അറിയിച്ചത്. രണ്ടുവട്ടം എംപിയായിരുന്ന ലിയാഖത്തിനെതിരെ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം ഉള്‍പ്പെടെ നിരവധി ആരോപണങ്ങളുണ്ട്. ഒന്നാം ഭാര്യയിലും രണ്ടാം ഭാര്യയിലുമായി ആമിറിന് രണ്ട് കുട്ടികളുണ്ട്. ടിവിയില്‍ കാണുന്നതുപോലെയല്ല ആമിറെന്നും പിശാചിനെക്കാള്‍ മോശമാണ് അദ്ദേഹമെന്നും ദാനിയ പറയുന്നു.
മദ്യപിച്ച് മര്‍ദിക്കുമായിരുന്നു. വിദേശത്തുള്ള ആളുകള്‍ക്ക് അയച്ചുനല്‍കാനായി നീലച്ചിത്ര വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിച്ചു. അപരിചിതരുടെ മുന്‍പിലെത്താനും നിര്‍ബന്ധിക്കുമായിരുന്നുവെന്ന് പ്രാദേശിക ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. മുറിയില്‍ അടച്ചിട്ടു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും ദാനിയ ഉന്നയിച്ചു. ആമിറിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.