അറബിക്കടലിൽ പാകിസ്ഥാന്റെ നാവിക അഭ്യാസം; ഇന്ത്യയുടെ “ത്രിശൂൽ” സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെ

അറബിക്കടലിൽ പാകിസ്ഥാന്റെ നാവിക അഭ്യാസം ആരംഭിച്ചു. ഇന്ത്യയുടെ “ത്രിശൂൽ” സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെയാണ് പാകിസ്ഥാൻ സ്വന്തം നാവിക അഭ്യാസവുമായി രംഗത്തെത്തിയത്. രണ്ട് ദിവസത്തേക്കാണ് ഈ അഭ്യാസം നിശ്ചയിച്ചിരിക്കുന്നത്. വടക്കൻ അറബിക്കടലിലെ, ഇന്ത്യൻ നാവിക അഭ്യാസപ്രദേശത്തോട് ചേർന്ന മേഖലയിലാണ് പാകിസ്ഥാൻ്റെ പരിശീലനം നടക്കുന്നത്.
ഇതേ സമയം, പാക് അതിർത്തി മേഖലയിൽ ഇന്ത്യയും വിപുലമായ സൈനികാഭ്യാസം നടത്തുകയാണ്. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള പ്രദേശങ്ങളിലായി നടക്കുന്ന ഈ അഭ്യാസത്തിൽ കരസേന, നാവികസേന, വ്യോമസേന പങ്കെടുക്കുന്നുണ്ട്. ഒക്ടോബർ 30നാണ് “എക്സർസൈസ് ത്രിശൂൽ” എന്ന പേരിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്.
അഭ്യാസമേഖലയിലൂടെയുള്ള വ്യോമപാതങ്ങൾ താൽക്കാലികമായി അടച്ചിട്ട സാഹചര്യത്തിൽ, വൈമാനികർക്കായി മുന്നറിയിപ്പുകളും നൽകിയിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെയായി പാക് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് ത്രിശൂൽ അഭ്യാസം പുരോഗമിക്കുന്നത്. ഇന്ത്യയുടെ ഈ വിപുലമായ അഭ്യാസത്തിന് പിന്നാലെ പാകിസ്ഥാനും നാവിക അഭ്യാസം ആരംഭിച്ചതോടെ, അറബിക്കടലിലെ സൈനിക നീക്കങ്ങൾ കൂടുതൽ ശ്രദ്ധ നേടുകയാണ്.
Tag: Pakistan’s naval exercise in the Arabian Sea; comes after India’s “Trishul” military exercise begins



