യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിയുടെ സഹോദരനായ പൊലീസുകാരന്‍ അറസ്റ്റില്‍
NewsKerala

യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിയുടെ സഹോദരനായ പൊലീസുകാരന്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയ്ക്കു പിന്നില്‍ ഒന്നാം പ്രതി ഫിറോസിന്റെ സഹോദരനായ പൊലീസുകാരന്‍. സംഭവത്തില്‍ ഓട്ടോ അപകടമെന്ന കഥ കെട്ടിച്ചമച്ചത് പൊലീസ് ഉദ്യേഗസ്ഥനായ ഷെഫീഖ് ആണെന്നാണ് കണ്ടെത്തല്‍. പാലക്കാട് വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റലിനു സമീപം പുതുപ്പള്ളിത്തെരുവ് സ്വദേശി അനസിന് ആണ് ജൂണ്‍ 21ന് മര്‍ദനമേറ്റത്. പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് ലഭിച്ച വിവരത്തെ തുടര്‍ന്ന് മാവോയിസ്റ്റ് ദൗത്യസേനാംഗം കൂടിയായ ഷെഫീഖിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് കോടതിയില്‍ ഹാജരാക്കും. നരികുത്തി സ്വദേശി ഫിറോസ് അനസിന്റെ തലയില്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് വീണ അനസിനെ ഫിറോസ് തന്നെയാണ് ഓട്ടോയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. ചികിത്സയ്ക്കിടെ അനസ് മരിച്ചതോടെ ഫിറോസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വനിതകളുടെ ഹോസ്റ്റലിന് സമീപം പലവട്ടം അനസിനെ കണ്ടിരുന്നുവെന്നും ഇത് വിലക്കിയിട്ടും പിന്‍മാറാത്തതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്നുമാണ് ഫിറോസിന്റെ മൊഴി.

ഷെഫീഖിനെ സംരക്ഷിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വലിയ നീക്കമുണ്ടായതായി ഇതിനിടെ ആരോപണം വന്നു. അനസിനെ തടയാനായിട്ടാണ് ഷെഫീക്ക് എത്തിയതെന്ന ന്യായീകരണം പറഞ്ഞ് ആദ്യഘട്ടത്തില്‍ ഇയാളെ കസ്റ്റഡയില്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. ഫിറോസിനെ ബൈക്കില്‍ സംഭവസ്ഥലത്ത് എത്തിച്ചത് ഷെഫീഖാണ്. എന്നാല്‍ ഷെഫീഖ് ബൈക്കില്‍നിന്ന് ഇറങ്ങുന്നതിന് മുന്‍പുതന്നെ ഫിറോസ് അനസിനെ അടിച്ചു വീഴ്ത്തിയിരുന്നു.

ഇതില്‍ ഷെഫീഖിന് ഒന്നും ചെയ്യാനില്ലായിരുന്നു. റെഫീഖിന്റെ അറിവോടെയല്ല കൊലപാതകമെന്നുമായിരുന്നു സംഭവദിവസം വൈകിട്ടുവരെയുള്ള വിശദീകരണം. സിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അനസിന്റെ കുടുംബം രംഗത്തെത്തിയതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസ്. ആദ്യം അനസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുവരും മടങ്ങിയശേഷം ബൈക്കില്‍ ബാറ്റുമായി തിരിച്ചെത്തുകയായിരുന്നു.

Related Articles

Post Your Comments

Back to top button