പൊഴിയൂര്‍ തുറമുഖത്തിനെതിരെയും ലഘുലേഖകള്‍: അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം
NewsKerala

പൊഴിയൂര്‍ തുറമുഖത്തിനെതിരെയും ലഘുലേഖകള്‍: അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നാലെ പൊഴിയൂരിലെ മത്സ്യബന്ധന തുറമുഖത്തിനെതിരെയും സംഘടിത നീക്കം. മത്സ്യബന്ധന തുറമുഖ നിര്‍മാണം തടയുന്നതിനായി മുന്നിട്ടിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ലഘുലേഖകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. മത്സ്യത്തൊഴിലാളി മേഖലകളിലെ എന്‍ജിഒകളെ കേന്ദ്രീകരിച്ചാണ് തുറമുഖ പദ്ധതിക്കെതിരെ പ്രചാരണം നടക്കുന്നത്.

തുറമുഖത്തിനെതിരായ ലഘുലേഖകള്‍ രഹസ്യമായാണ് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. ഷിജു ലോപ്പസ് കണ്‍വീനറായി നാലോളം സംഘടനകളുടെ പേരുണ്ടെങ്കിലും മത്സ്യത്തൊഴിലാളി കര്‍ഷക സംയുക്ത സമിതിയെന്ന പേരിലാണ് ലഘുലേഖ. ഇതില്‍ വിഴിഞ്ഞം തുറമുറ പദ്ധതി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുള്ള കോസ്റ്റല്‍ വാച്ച് എന്ന സംഘടനയുമുണ്ട്. പക്ഷേ ഈ സംഘടനയ്ക്ക് രജിസ്‌ട്രേഷന്‍ പോലുമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

നോട്ടീസില്‍ നാല് സംഘടനകളുടെ പേരുള്ളതില്‍ ഒരു സംഘടനയൊഴിച്ച് ബാക്കി മൂന്നെണ്ണവും വിദേശ ഫണ്ട് ലഭിക്കുന്ന സംഘടനകളാണെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സമരത്തിന്റെ മറവില്‍ വിദേശ ഫണ്ട് ശേഖരിക്കുകയാണ് സംഘടനകളുടെ ലക്ഷ്യമെന്നുള്ള നിഗമനവും ചിലര്‍ക്കുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇപ്പോള്‍ ഭീതി പരത്തുവാന്‍ വേണ്ടി മാത്രമാണ് ലഘുലേഖകളുടെ വിതരണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

ഇവര്‍ പലയിടത്തായി രഹസ്യ മീറ്റിംഗുകള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. രഹസ്യ മീറ്റിംഗുകളിലൂടെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് തുറമുഖ നിര്‍മാണം പകുതിയാകുമ്പോള്‍ സമരരംഗത്തിറങ്ങാനാണ് ഇവരുടെ പദ്ധതി. ഇതിലൂടെ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി തങ്ങളുടെ അജണ്ടകള്‍ പെട്ടെന്നുതന്നെ നടപ്പാക്കാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്യും.

വിഴിഞ്ഞം, മുത്രപ്പൊഴി ഫിഷിംഗ് ഹാര്‍ബറുകള്‍ക്ക് പിന്നാലെ പൊഴിയൂരിലും കൂടി ഫിഷിംഗ് ഹാര്‍ബര്‍ പ്രാവര്‍ത്തികയമായാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത് കൂടുതല്‍ സൗകര്യമാവും. മാത്രമല്ല വിഴിഞ്ഞത്തുള്ള തിരക്ക് കുറയ്ക്കാനും സഹായകമാവുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.

Related Articles

Post Your Comments

Back to top button