
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ എഐഎഡിഎംകെയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനം. പനീര്ശെല്വത്തോടൊപ്പമുള്ള എംഎല്‍എമാരായ ആര്. വൈത്തിലിംഗം, പി.എച്ച്. മനോജ് പാണ്ഡ്യന്, മുന്‍ എംഎല്‍എ ജെ.സി.ഡി. പ്രഭാകര്‍ എന്നിവരെയും പുറത്താക്കി.
പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്തായതോടെ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും നീക്കി. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന നേതാവ് നത്തം ആര്. വിശ്വനാഥന് കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും നീക്കിയത്.
പനീര്‍ശെല്‍വം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായും ഭരണകക്ഷിയായ ഡിഎംകെയോടാണ് അദ്ദേഹത്തിന് കൂറെന്നും പ്രമേയത്തില്‍ ആരോപിച്ചു. ജൂണ്‍ 23ന് വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ നിര്‍ത്തിവയ്ക്കാന്‍ പനീര്‍ശെല്‍വം പോലീസിനെ സമീപിച്ചു. സ്വാര്‍ഥ താത്പര്യങ്ങള്‍ക്കാണ് ഒപിഎസ് പ്രാധാന്യം നല്‍കുന്നതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ തന്നെ പുറത്താക്കാനുള്ള അവകാശം എടപ്പാടി പളനിസ്വാമിക്ക് ഇല്ലെന്നും പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. തന്നെ കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തത് ഒന്നരക്കോടി പാര്‍ട്ടി പ്രവര്‍ത്തകരാണ്. പളനിസ്വാമിക്കോ കെ.പി. മുനിസ്വാമിക്കോ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനാവില്ല. പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി തന്നെ പുറത്താക്കിയവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ കോടതിയെ സമീപിച്ച് നീതി ഉറപ്പാക്കുമെന്നും പനീര്‍ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments