ഗ്രാമ പ്രദേശങ്ങളില്‍ സമാന്തര ബാറുകള്‍ സജീവമാകുന്നു
NewsKerala

ഗ്രാമ പ്രദേശങ്ങളില്‍ സമാന്തര ബാറുകള്‍ സജീവമാകുന്നു

ജീജ സഹദേവന്‍

ഒരു കുടുംബത്തിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്നതില്‍ മദ്യത്തിന് വളരെ വലിയ പങ്കുണ്ട്. ഇത് മൂലം കുടുംബത്തും സമൂഹത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങളും അനവധിയാണ്. മദ്യപാനത്തിനെതിരെ ബോധവല്‍ക്കരണങ്ങളും കാമ്പയിനുകളും മുറയ്ക്ക് നടക്കുന്നുമുണ്ട്. മദ്യപാനം കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു, എന്നതിലുപരി ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിലും ഇതിന് വലിയ പങ്കുണ്ട്. കാരണം എന്നും മദ്യപിച്ചെത്തി വഴക്ക് കൂടുന്ന ഒരു കുടുംത്തില്‍ നിന്ന് നല്ലൊരു മാനസീകാവസ്ഥയില്‍ കുട്ടികള്‍ വളര്‍ന്നു വരുമെന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്. ഇത്തരത്തില്‍ വളരുന്ന കുട്ടികളാണ് പിന്നീട് കുറ്റകൃത്യങ്ങളിലേക്കും അല്ലെങ്കില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെട്ട് കൗണ്‍സിലിംഗ് സെന്ററുകളിലേക്കുമെത്തിച്ചേരുന്നത്.

സംസ്ഥാനത്ത് ബാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ സന്തോഷമനുഭവിച്ചവരും ഇത്തരം കുടംബത്തിലെ സ്ത്രീകളും കുട്ടികളുമായിരിക്കും. എന്നാല്‍ ഇതോടെ ഗ്രാമ പ്രദേശങ്ങളില്‍ സജീവമായ സമാന്തര ബാറുകള്‍ ഇന്ന് കൂടുതല്‍ ശക്തമായിരിക്കുകയാണ്. വീടുകളും കച്ചവട സ്ഥാപനങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പുഴയോരങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മദ്യ വില്‍പ്പന നടത്തുന്നത്. ഓരോ വ്യക്തിക്കും കൈവശം വയ്ക്കാവുന്ന മദ്യത്തിന് സംസ്ഥാനത്ത് നിയന്ത്രണമുണ്ട്.

കള്ള് ഒന്നര ലിറ്റര്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം മൂന്ന് ലിറ്റര്‍, ബിയറും വൈനും മൂന്നര ലിറ്റര്‍ വീതം, വിദേശ നിര്‍മ്മിത വിദേശ മദ്യം രണ്ടര ലിറ്റര്‍ എന്നിങ്ങനെയാണ് ലൈസന്‍സോ, പെര്‍മിറ്റോ ഇല്ലാത്ത ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ കൂടിയ അളവ്. 2012 ഫെബ്രുവരി 14 ന് ആണ് ഈ നിയമം നിലവില്‍ വന്നത്.

ഇതേ അളവിലുള്ള മദ്യം വാങ്ങി ഇരട്ടിയിലധികം വിലയ്ക്ക് നാട്ടുകാര്‍ക്ക് വിറ്റാണ് സമാന്തര ബാറുകളുടെ പ്രവര്‍ത്തനം. സാധനം എളുപ്പത്തില്‍ കൈയില്‍ കിട്ടും എന്നതിനാലും ബിവറേജസിലും മറ്റും പോയി ക്യൂവില്‍ നില്‍ക്കേണ്ട എന്നതിനാലും ഇവര്‍ പറയുന്ന പൈസയ്ക്ക് മദ്യം വാങ്ങാന്‍ ആവശ്യക്കാരും ഏറെയാണ്. ബോട്ടില്‍ ആയി മാത്രമല്ല, ആവശ്യക്കാര്‍ പെഗ് അടിസ്ഥാനത്തിലും വില്‍പ്പന നടത്തുന്നുണ്ട്. ഫൈവ് സ്റ്റാര്‍ ബാറിലെ വിലയ്ക്ക് കണക്കായ തുകയാണ് പലരും ഇതിന് ഈടാക്കുന്നത്. നാട്ടില്‍ തന്നെ സാധനം സുലഭമായതിനാല്‍ നേരത്തെ കഴിച്ചതിന്റെ ഇരട്ടിയോളമാണ് ഇപ്പോള്‍ ആളുകള്‍ കഴിക്കുന്നത്. ഇത് വീട്ടുകാരുടെ ജീവിതം കണ്ണീരിലാഴ്ത്തുക മാത്രമല്ല, കുടുംബത്തിന്റെ ബഡ്ജറ്റ് താളം തെറ്റിച്ച് ഓരോ കുടുംബത്തെയും ഇരുട്ടിലാക്കുകയുമാണ് ചെയ്യുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്ന വിമര്‍ശമാണ് ഉയരുന്നത്.

മൂന്ന് ലിറ്റര്‍ വരെ മദ്യം ഒരാള്‍ക്ക് കൈയില്‍ സൂക്ഷിക്കാന്‍ നിയമമുള്ള നാട്ടില്‍ ഇത്തരത്തിലുള്ള കേസുകളില്‍ നടപടിയെക്കുന്നത് ദുഷ്‌ക്കരമാണെന്ന് എക്‌സൈസ് ജിവനക്കാര്‍ പറയുന്നു. നാട്ടില്‍ മദ്യം വില്‍ക്കുന്നവര്‍ മൂന്ന് ലിറ്ററോ അല്ലെങ്കില്‍ ആ വീട്ടിലെ മുതില്‍ന്നവരുടെ കണക്കനുസരിച്ച് ഓരോ വ്യക്തിക്കും മൂന്ന് ലിറ്റര്‍ വീതം എന്ന നിലയിലോ ആണ് മദ്യം സൂക്ഷിക്കുന്നത്. മദ്യം വാങ്ങിയതിന്റെ തെളിവ് കൂടി ഇവരുടെ കൈയിലുണ്ടെങ്കില്‍ പിന്നെ ഇവര്‍ക്കെതിരെ ഒരു നടപടിയും സാധ്യമല്ല. നിയമത്തിന്റെ ഈ സാധ്യത തന്നെയാണ് ഇവര്‍ക്ക് ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യാന്‍ ധൈര്യം നല്‍കുന്നതും.

മാത്രമല്ല ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീടുകളില്‍ കയറി പരിശോധന നടത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് പരിമിതിയുണ്ട്. വനിത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമാണ്. മാത്രമല്ല, ലഭിച്ച വിവിരം സത്യമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന് ശേഷമായിരിക്കും പരിശോധ.

ഒരു വ്യക്തിയില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യം പിടികൂടുകയാണെങ്കില്‍ തന്നെ 5000 രൂപയാണ് അയാളില്‍ നിന്നും ഈടാക്കാവുന്ന കൂടിയ പിഴ. ഫൈന്‍ അടയ്ക്കാന്‍ തയ്യാറാകാതെ കോടതിയെ സമീപിച്ച ശേഷം ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 5000 രൂപ പിഴയോ ആറ് മാസം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആവും ശിക്ഷയായി ലഭിക്കുക. കേസില്‍പ്പെട്ടാല്‍ ഭൂരിഭാഗം പേരും പിഴയടച്ച് രക്ഷപ്പെടാറാണ് പതിവെന്ന് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അഗസ്റ്റിന്‍ ജോസഫ് പറയുന്നു. കോടതിയില്‍ കേസ് വാദിക്കാന്‍ ഇതില്‍ കൂടുതല്‍ തുക വേണ്ടിവരും എന്നതും ഒരു കാരണമാണ്. അതിനാല്‍ തന്നെ ഒരു കുടുംബം തന്നെ തകര്‍ക്കാന്‍ കൂട്ടു നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

ബോധവല്‍ക്കരണത്തിലൂടെ മാത്രമേ മദ്യ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും മദ്യം വാങ്ങാനാളില്ലാത്ത സാഹചര്യമാണ് നാം ഉണ്ടാക്കേണ്ടതെന്നും കമ്മീഷണര്‍ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ മദ്യത്തിനെതിരെയുള്ള ബോധവന്‍ക്കരണം ഉള്‍പ്പെടുത്തണമെന്നും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം മാത്രം 162 അബ്ക്കാരി കേസുകളാണ് കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം സെപ്റ്റംബര്‍ 16 വരെ 82 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഷ്, ചാരായം, വിദേശ മദ്യം എന്നിവ പിടികൂടുന്നതും പൊതു സ്ഥലത്തുള്ള മദ്യപാനവുമാണ് പ്രധാനമായും അബ്ക്കാരി കേസുകളില്‍പ്പെടുന്നത്. ഇനിയെങ്കിലും ഇത്തരം പ്രവൃത്തികള്‍ക്ക് തടയിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇവരെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യുന്ന രീതിയിലേക്കോ അല്ലെങ്കില്‍ ഗ്രാമ പ്രദേശങ്ങളിലെ കുടുംബ ബന്ധങ്ങള്‍ തകരുന്ന രീതിയിലേക്കോ കാര്യങ്ങള്‍ മാറുമെന്നതില്‍ സംശയമില്ല.

Related Articles

Post Your Comments

Back to top button