
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും അവരുടെ മുന്‍ഗാമി രാംനാഥ് കോവിന്ദിനേയും ക്ഷണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബി.ജെ.പി സര്‍ക്കാര്‍ ‘ഭരണഘടനാപരമായ ഔചിത്യത്തെ’ ആവര്‍ത്തിച്ച് അനാദരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മെയ് 28 ന് പ്രധാനമന്ത്രി മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. പാര്‍ലമെന്റ് രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സമിതിയാണെന്നും രാഷ്ട്രപതി സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഇന്ത്യയിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണെന്ന് ഞായറാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്പീക്കര്‍ ഓം ബിര്‍ള ഈ ആഴ്ച പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതായും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനുള്ള ക്ഷണം നല്‍കിയതായും മെയ് 18 ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. ഇതെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉദ്ഘാടനമെന്ന് തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റേ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.
Post Your Comments