Kerala NewsLatest NewsLaw,NewsPolitics

പി.സി. ജോര്‍ജിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി: മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: വിദ്വേഷപ്രസംഗ കേസില്‍ അറസ്റ്റ് തടയണമെന്ന പി.സി. ജോര്‍ജിന്റെ ആവശ്യം തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിദ്വേഷപ്രസംഗത്തിന് പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറിന്റെ പകര്‍പ്പും ഹാജരാക്കി. സമാനകുറ്റം ആവര്‍ത്തിക്കുന്ന ജോര്‍ജിനെ കോടതി നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.

മറുപടിക്ക് കൂടുതല്‍ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് എറണാകുളം ജില്ല പ്രത്യേക കോടതി മാറ്റിവച്ചത്. തന്റെ പ്രസംഗത്തില്‍ മതവിദ്വേഷമില്ല. പ്രസംഗത്തിന്റെ പൂര്‍ണരൂപം കേട്ടാല്‍ അത് മനസിലാകും. പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പി.സി. ജോര്‍ജ് വാദിച്ചു.

മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പി.സി. ജോര്‍ജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പി.സി. ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പോലീസ് പറയുന്നത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

അതേസമയം സര്‍ക്കാര്‍ അഭിഭാഷകനെ കേള്‍ക്കാതെ ജാമ്യം നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. ഒളിവില്‍ പോയ വ്യക്തിയെ അല്ല അറസ്റ്റ് ചെയ്ത കൊണ്ടുവന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. മതവിദ്വേഷ പ്രസംഗത്തില്‍ നേരത്തെ ഫോര്‍ട്ട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.

Related Articles

Back to top button