CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNewsSabarimala

ശബരിമല ദർശനത്തിന് പിസിആർ പരിശോധനാ ഫലം നിർബന്ധമാക്കി.

പത്തനംതിട്ട / ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കുള്ള മാർഗ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ഈ മാസം 26 മുതൽ ദർശനത്തിന് എത്തുന്നവർക്ക് കോവിഡ് പിസിആർ പരിശോധനാ ഫലം നിർബന്ധമാക്കി കൊണ്ടാണിത്. 26ന് ശേഷം ശബരിമല ദർശനത്തിന് പി സി ആർ പരിശോധന നിർബന്ധമായിരിക്കും. 24 മണിക്കൂർ മുമ്പുളള പരിശോധന ഫലമായിരിക്കണം ഭക്തർ കരുതേണ്ടത്. തീർത്ഥാടകർക്കും ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്. ശബരിമലയില്‍ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

ഇതിനകം, 51 തീര്‍ത്ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും 3 മറ്റുള്ളവര്‍ക്കും ഉള്‍പ്പെടെ 299 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗബാധിതരിൽ 18 പൊലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉൾപ്പെട്ടിരുന്നു. പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെനിന്ന് ജില്ലയിലെ വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റുകയായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരോട് സന്നിധാനം വിട്ടുപോകാനും നിരീക്ഷണത്തിൽ കഴിയാനും നിർദേശം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ പത്തനംതിട്ട ജില്ലയിൽ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഒപ്പം തെരഞ്ഞെടുപ്പും വർധനക്ക് കാരണമായിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്.

  1. എല്ലാവരും കോവിഡ്-19 മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. അടുത്തിടപഴകുന്നത് മൂലം വളരെ കുറച്ച് പേരില്‍ നിന്നും വളരെയധികം പേരിലേക്ക് പെട്ടന്ന് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡിംഗ് സംഭവിക്കുന്നത് ഒഴിവാക്കുക. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം. തീര്‍ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.
  2. ഫലപ്രദമായി കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌കുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ യാത്ര ചെയ്യുമ്പോള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും തീര്‍ത്ഥാടകര്‍ പാലിക്കേണ്ടതാണ്. സാനിറ്റൈസര്‍ കൈയ്യില്‍ കരുതണം.
  3. അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വസന ലക്ഷണങ്ങള്‍, ക്ഷീണം, ഗന്ധം തിരിച്ചറിയാന്‍ പറ്റുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.
  4. ഡ്യൂട്ടിയില്‍ വിന്യസിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പരിശോധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്. എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐസിഎംആറിന്റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
  5. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ് അല്ലെങ്കില്‍ എക്‌സ്പ്രസ് നാറ്റ് പരിശോധന നടത്തേണ്ടതാണ്.
  6. ശബരിമലയില്‍ എത്തുമ്പോള്‍ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. സാധ്യമാകുന്നിടത്ത് 6 അടി ശാരീരിക അകലം പാലിക്കുകയും മാസ്‌കുകള്‍ ശരിയായി ധരിക്കുകയും വേണം.
  7. കോവിഡില്‍ നിന്നും മുക്തരായ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നീണ്ടു നിന്നേക്കാം. മലകയറ്റം പോലുള്ള ആയാസകരമായ പ്രവര്‍ത്തികളില്‍ ഇത് പ്രകടമായേക്കാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ മലകയറുന്നതിന് മുമ്പ് ശാരീരികക്ഷമത ഉറപ്പ് വരുത്തേണ്ടതാണ്.
  8. നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടല്‍ ഒഴിവാക്കേണ്ടതാണ്. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്‌ലറ്റുകള്‍ അണുവിമുക്തമാക്കണം. തീര്‍ഥാടകര്‍ മലയിറങ്ങിയ ശേഷം കൂട്ടം കൂടാതെ പോകുന്ന തരത്തില്‍ മടക്കയാത്ര ആസൂത്രണം ചെയ്യണം.
  9. തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button