
ചെന്നൈ: ഇതരമത വിശ്വാസികളുടെ ക്ഷേത്രദര്‍ശനം തടയരുതെന്ന് നിരീക്ഷിച്ച് മദ്രാസ് ഹൈക്കോടതി. തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. ക്ഷേത്രത്തിലെ കുംഭാഭിഷേകം 400 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞദിവസം വീണ്ടും നടന്നിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കന്യാകുമാരിജില്ലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തി. സംസ്ഥാനമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങ് സംബന്ധിച്ച് സി സോമന് എന്നയാള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ പി എന്‍ പ്രകാശും ആര് ഹേമലതയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഇതരമത വിശ്വാസികളെ ക്ഷേത്രത്തിലെ ചടങ്ങില്‍നിന്ന് തടയണമെന്നായിരുന്നു ഹര്‍ജി. ഇത്തരമൊരു വലിയ ചടങ്ങില്‍ ഓരോരുത്തരുടെയും ജാതിയും മതവും പരിശോധിക്കുന്നത് പ്രായോഗികമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതരമതത്തില്‍ ജനിച്ച ഒരാള്‍ക്ക് ക്ഷേത്രാരാധനയില്‍ വിശ്വാസമുണ്ടെങ്കില്‍ അവരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയാനാകില്ലെന്നും തുടര്‍ന്ന് കോടതി നിരീക്ഷിച്ചു. ക്രിസ്തുമതത്തില്‍ ജനിച്ച ഗായകന് കെ ജെ യേശുദാസ് ആലപിച്ച ഗാനങ്ങള്‍ ക്ഷേത്രങ്ങളില്‍ വയ്ക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. ഹിന്ദുമത വിശ്വാസികള്‍ വേളാങ്കണ്ണി പള്ളിയില്‍ പോകുന്നതും കോടതി പരാമര്‍ശിച്ചു.
Post Your Comments