
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടനത്തിനെത്തുന്ന ലക്ഷങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രം. ഭക്തജനപ്രവാഹം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കെ ശബരിമലയില്‍ സുരക്ഷഭീഷണിയും വര്‍ധിക്കുകയാണ്. വിഴിഞ്ഞം കലാപത്തെ തുടര്‍ന്ന് പോലീസുകാരെ ശബരിമലയില്‍ നിന്നും പിന്‍വലിച്ചതാണ് സുരക്ഷാഭീഷണി ഉയരാന്‍ കാരണം. വെര്‍ച്വല്‍ ക്യൂ അടക്കമുള്ള സംവിധാനങ്ങള്‍ ഇതോടെ പാളുകയാണ്.
തീവ്രവാദ ഭീഷണിയുള്ള ആരാധനാലയമാണ് ശബരിമല. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ ആറിന് പ്രത്യേക സുരക്ഷ ശബരിമലയില്‍ ഒരുക്കാറുള്ളതാണ്. എന്നാല്‍ മതിയായ പോലീസ് ഇല്ലാത്തതിനാല്‍ ഇതെല്ലാം താറുമാറാകും എന്നത് സര്‍ക്കാര്‍ ഇപ്പോള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍നിന്നായി 120 പോലീസുകാരെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഒറ്റയടിക്ക് പിന്‍വലിച്ചത്.
സന്നിധാനത്ത് പോലീസുകാരുടെ എണ്ണം കുറഞ്ഞതോടെ ചൊവ്വാഴ്ചത്തെ തിരക്ക് നിയന്ത്രണങ്ങളെല്ലാം പാളി. ക്ഷേത്രംമുതല്‍ ശരംകുത്തിവരെയുള്ള സുരക്ഷ നിര്‍വഹിക്കേണ്ടത് സന്നിധാനത്ത് ചുമതലയേല്‍ക്കുന്ന ബാച്ചാണ്. എണ്ണം കുറഞ്ഞതോടെ മുമ്പ് നിരീക്ഷണമുണ്ടായിരുന്ന പലയിടത്തും ചൊവ്വാഴ്ച പോലീസ് ഉണ്ടായില്ല. ആര്‍ക്കും ശബരിമലയിലേക്ക് നുഴഞ്ഞു കയറാനുള്ള സാഹചര്യമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
ഒരു ആലോചനയുമില്ലാതെ പോലീസ് ഹരിവരാസനത്തിന് ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റുന്നത് നിര്‍ത്തി. ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ പോലീസ് ഞായറാഴ്ച രാത്രി നട അടച്ച ശേഷം ആരെയും പതിനെട്ടാംപടി കയറ്റിയില്ല. ദേവസ്വം ബോര്‍ഡ് ഇടപെട്ടതിനെ തുടര്‍ന്നാണ് രാത്രി രണ്ടു മണിമുതല്‍ തീര്‍ഥാടകരെ കയറ്റിത്തുടങ്ങിയത്. പുലര്‍ച്ചെ നട തുറക്കുമ്പോള്‍ വലിയ തിരക്ക് ഉണ്ടാകുമെന്നതിനാല്‍ നേരത്തെ വന്നവരെ എല്ലാം പതിനെട്ടാംപടി കയറാന്‍ അനുവദിക്കാതിരുന്നത് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കി.
സിഐയുടെ നേതൃത്വത്തില്‍ ഇരുവശത്തുമായി പത്ത് പോലീസുകാര്‍ നിന്നാണ് തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്. മിനുട്ടില്‍ 80പേരെ കടത്തിവിടാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ തിരക്കുവര്‍ധിച്ചിട്ടും മിനിറ്റില്‍ 60ല്‍ താഴെ തീര്‍ഥാടകര്‍ മാത്രമാണ് പടികയറുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 20 മിനുട്ട് വീതമാണ് പതിനെട്ടാംപടിയില്‍ പോലീസുകാര്‍ ഭക്തരെ പടികയറാന്‍ സഹായിക്കുന്നത്. പടികയറുന്നവരുടെ എണ്ണം കുറഞ്ഞതോടെ നടപ്പന്തലിലെ വരി നീണ്ടു. ഇതോടെ ദര്‍ശനത്തിനായി മണിക്കൂറോളം വരിനില്‍ക്കേണ്ട അവസ്ഥയിലാണ് തീര്‍ഥാടകര്‍.
Post Your Comments