ശബരിമല വിമാനത്താവളം വിട്ടുകളിയില്ലെന്ന് പിണറായി സര്‍ക്കാര്‍
കൊച്ചി: എന്തുവന്നാലും ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണ് പിണറായി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ വിവിധ അനുമതികള്‍ ഇനിയും കിട്ടിയിട്ടില്ലെങ്കിലും പ്രാരംഭപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിച്ചു.
എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി ചെറുവള്ളി എസ്‌റ്റേറ്റ് സര്‍വെ നടത്താന്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. എസ്റ്റേറ്റ് ഉള്‍പ്പെടുന്ന എരുമേലി തെക്ക് വില്ലേജിലെയും മണിമല വില്ലേജിലെയും ചില സ്ഥലങ്ങളിലാണ് സര്‍വെ നടത്താന്‍ തീരുമാനമായിരിക്കുന്നത്. സര്‍്ക്കാര്‍ ആവശ്യത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യത്തെ പടിയാണ് സര്‍വെ വിജ്ഞാപനം. സര്‍വെ നടത്തി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കോട്ടയം സ്ഥലമെടുപ്പ് വിഭാഗം സ്പെഷല്‍ തഹസില്‍ദാര്‍ക്കു നല്‍കി.
ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കണ്‍സല്‍റ്റന്റ് ഏജന്‍സി ലൂയിബ്ഗര്‍ നടത്തുന്ന സാധ്യതാ പഠനം പൂര്‍ത്തിയായാല്‍ സര്‍വെ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനു വേണ്ടിയാണ് സാധ്യത പഠന റിപ്പോര്‍ട്ട് തയാറാക്കുന്നത്. ബിലീവേഴ്സ് ചര്‍ച്ചിന്റെ പക്കല്‍നിന്നു ചെറുവള്ളി എസ്റ്റേറ്റ് തിരിച്ചെടുക്കുന്നതിനായി സര്‍ക്കാര്‍ പാലാ സബ് കോടതിയില്‍ നല്‍കിയ കേസില്‍ വാദം തുടരുകയാണ്.
ഈ കേസ് സ്ഥലമെടുപ്പ് നടപടികളെ ബാധിക്കില്ല. സര്‍ക്കാരിന് അനുകൂലമായി വിധി ലഭിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുക്കും. വിധി ബിലീവേഴ്സ് ചര്‍ച്ചിന് അനുകൂലമായാല്‍ വില നിശ്ചയിച്ച് ഏറ്റെടുക്കാനാണു തീരുമാനം. കേസില്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുമോ എന്ന ആശങ്കയും സജീവമാണ്. ഈ ഭൂമി സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ എല്ലാം നേരത്തെ പുറത്തു വന്നിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധരുമെല്ലാം ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് എതിരാണ്. മാത്രമല്ല സാങ്കേതിക തടസങ്ങള്‍ ഒരുപാട് ബാക്കിയുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് വില നല്‍കി ഏറ്റെടുത്താല്‍ വന്‍ വിമര്‍ശനമാണ് സര്‍ക്കാരിന് നേരിടേണ്ടി വരിക. പാട്ടത്തിന് നല്‍കിയ ഭൂമികള്‍ വന്‍കിട കമ്പനികള്‍ ഇപ്പോഴും സ്വന്തം ഭൂമി പോലെയാണ് ഉപയോഗിക്കുന്നത്. വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്ന വന്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന് കളമൊരുക്കുകയാണ് സര്‍ക്കാര്‍ എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.