തമിഴ്‌നാട്ടിൽ കാക്കിക്കുള്ളിലെ കാടത്തം വീണ്ടും, ഒരു ഓട്ടോ ഡ്രൈവർ കൂടി കൊല്ലപ്പെട്ടു.
NewsCrimeObituary

തമിഴ്‌നാട്ടിൽ കാക്കിക്കുള്ളിലെ കാടത്തം വീണ്ടും, ഒരു ഓട്ടോ ഡ്രൈവർ കൂടി കൊല്ലപ്പെട്ടു.

തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും പോലീസിന്റെ മർദ്ദനത്തെ തുടർന്ന് മരണം. കാക്കിക്കുള്ളിലെ കാടത്തം തിരുനെൽവേലിയിൽ ഒരു ഓട്ടോ ഡ്രൈവറുടെ ജീവനാണ് എടുത്തിരിക്കുന്നത്. പോലീസ് കസ്റ്റിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ ആണ് മരണപ്പെട്ടത്. പതിനഞ്ച് ദിവസമായി ചികിത്സയിലായിരുന്ന കുമരേശന്‍ എന്ന ഓട്ടോ ഡ്രൈവറാണ് തിരുനെൽവേലിയിൽ മരിച്ചത്.

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിപ്പിച്ച കുമരേശനെ സ്റ്റേഷൻ ലോക്കപ്പിൽ അതിക്രൂരമായി പോലീസ് പീഡിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ കുമരേശന്‍ വീട്ടുകാരോട് അധികം ഒന്നും സംസാരിച്ചിരുന്നില്ല. പിന്നാലെ രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയ കുമരേശനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുമരേശന്റെ വൃക്ക ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റിരുന്നതായി ഡോക്ടര്‍മാര്‍ ആണ് വെളിപ്പെടിത്തിയിട്ടുള്ളത്. അപ്പോഴാണ് പോലീസ് സ്‌റ്റേഷനില്‍ വച്ച്‌ ക്രൂര മര്‍ദ്ദനത്തിന് ഇരയായതായി കുമരേശന്‍ വെളിപ്പെടുത്തിയത്. നടന്ന സംഭവങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും പിതാവിനെ ഉപദ്രവിക്കുമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുമരേശന്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
തൂത്തുക്കുടിയില്‍ ഇക്കഴിഞ്ഞ ആഴ്ചയാണ് അച്ഛനെയും മകനെയും ക്രൂരമായി പീഡിപ്പിച്ച്‌ പോലീസ് കൊലപ്പെടുത്തിയത്. തൂത്തുക്കുടിയിലെ സാത്താക്കുളത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ജയരാമന്‍, മകന്‍ ബെന്നിക്‌സ് എന്നിവരാണ് മരണപ്പെട്ടത്. ക്രൂരമായി മര്‍ദ്ദിച്ചും മലദ്വാരത്തിലൂടെ കമ്പിയും മറ്റും കയറ്റിയുമാണ് പോലീസ് ഇവരെ പീഡിപ്പിച്ചിരുന്നത്. സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് അടുത്ത പോലീസ് മർദ്ദനത്തെ തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Related Articles

Post Your Comments

Back to top button