keralaKerala NewsLatest News

മുഖ്യമന്ത്രിയ്ക്കെതിരായ അധിക്ഷേപ പ്രസംഗം നടത്തിയെന്നാരോപിച്ച് പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയെന്നാരോപിച്ച് പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി നൽകി. സിപിഎം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറത്തെ വാഴക്കാട് മുസ്ലിം ലീഗ് പൊതുയോഗത്തിലാണ് സലാമിന്റെ പ്രസംഗം നടന്നത്. പ്രസംഗത്തിലെ അധിക്ഷേപകരമായ പരാമർശങ്ങൾ വിവാദമായി മാറിയതോടെ, മുസ്ലിം ലീഗ് നേതൃത്വം തന്നെ രംഗത്തെത്തി.
മുഖ്യമന്ത്രിക്കെതിരായ പി.എം.എ സലാമിന്റെ പ്രസംഗം അംഗീകരിക്കാനാവില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. “രാഷ്ട്രീയ വിമർശനങ്ങൾ സാധാരണമാണെങ്കിലും വ്യക്തി അധിക്ഷേപം പാടില്ല. ഇത്തരം പരാമർശങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യേകിച്ച് ദൂരം പാലിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്ററി പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടിയും സലാമിന്റെ പ്രസ്താവന പിഴവാണെന്ന് അംഗീകരിച്ചു. “സലാം പറഞ്ഞത് പാർട്ടിയുടെ നിലപാടല്ല, പിഴവ് തിരിച്ചറിഞ്ഞിട്ടുണ്ട്, പാർട്ടി അത് തിരുത്തി,” എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സിപിഎം മലപ്പുറം ജില്ലാ നേതൃത്വവും മന്ത്രി വി. ശിവൻകുട്ടിയും അടക്കം നിരവധി നേതാക്കൾ സലാമിനെതിരെ കടുത്ത പ്രതികരണം പ്രകടിപ്പിച്ചിരുന്നു. സലാമിന്റെ പ്രസംഗം വെറും ‘നാക്കുപിഴ’ മാത്രമല്ലെന്ന ബോധ്യമാണ് മുസ്ലിം ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയതെന്നാണ് റിപ്പോർട്ട്.

മുന്‍പും സലാമിന്റെ വഴിതെറ്റിയ പരാമർശങ്ങൾ ലീഗിന് രാഷ്ട്രീയമായി തിരിച്ചടിയായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇ.കെ. വിഭാഗം ഉൾപ്പെടെ നിരവധി സംഘടനകളും സലാമിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിവാദങ്ങൾ എതിര്‍ കക്ഷികൾക്ക് ആയുധമാകുമെന്ന ആശങ്ക ലീഗിനുള്ളിൽ ശക്തമാവുകയാണ്.

Tag: Police complaint filed against PMA Salam for allegedly making abusive speech against the Chief Minister

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button