മരിച്ചുപോയ പ്രതിയെ ജീവനോടെ പൊക്കി പോലീസ്

തിരുവനന്തപുരം: മരിച്ച് പോയെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ച കൊലക്കേസ് പ്രതിയെ പോലീസ് ജീവനോടെ പൊക്കി. വിചാരണക്ക് ഹാജരാകാതെ മുങ്ങിയ തമിഴ്നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദാണ് പോലീസിന്റെ പിടിയിലായത്. മരണ സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെത്തിയ പോലീസിന് മുന്നിലേക്ക് പ്രതി അവിചാരിതമായി എത്തിപ്പെടുകയായിരുന്നു.
കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് അഭിഭാഷകന് പ്രതി മരിച്ചതായി കോടതിയെ അറിയിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വാറന്റ് പുറപ്പെടുവിച്ചതോടെ സത്യാവസ്ഥ അന്വേഷിക്കാനിറങ്ങിയ പോലീസിന് ലഭിച്ചതാകട്ടെ യാഥാര്‍ഥ പ്രതിയെ.
2017ല്‍ വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററിലെ പുതിയ കെട്ടിടത്തില്‍ കിടക്ക വിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കോട്ടപ്പുറം സ്വദേശി റോബര്‍ട്ടിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് സീനു മുഹമ്മദ്. സംഭവത്തില്‍ സീനു മുഹമ്മദിനെയും സുഹൃത്തുക്കളായ ജോണ്സണ്, മുഹമ്മദാലി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ സീനു മുഹമ്മദ് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.