
ന്യൂഡല്‍ഹി: മോഷണക്കേസ് പ്രതിയുടെ കുത്തേറ്റ് ഡല്‍ഹിയില്‍ എഎസ്ഐ മരിച്ചു. പ്രതിയായ അനീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥന് കുത്തേറ്റത്. എഎസ്ഐ ആയിരുന്ന ശംഭു ദയാലിനാണ് രാജ്യതലസ്ഥാനത്തു വെച്ച്, പട്ടാപ്പകൽ ജനങ്ങൾ നോക്കിനിൽക്കേ കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഉദ്യോഗസ്ഥനെ കുത്തിയതിന്് പിന്നാലെ അനീഷ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാളെ കൂടുതല്‍ പൊലീസുകാരെത്തി അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എഎസ്ഐ മരിച്ചത്. സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വെസ്റ്റ് ഡൽഹിയിലെ മായാപുരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്നു ശംഭു ദയാൽ. തങ്ങളുടെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടെന്നും പ്രതി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും പറഞ്ഞ് ദമ്പതികളുടെ പരാതി ലഭിച്ചതിനെത്തുടർന്നാണ് ഇദ്ദേഹം സംഭവ സ്ഥലത്തെത്തിയത്. അനീഷിനെ പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ഷർട്ടിനടിയിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു.
Post Your Comments